തിരുവനന്തപുരം: കേരള സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ സമരത്തിനൊരുങ്ങുന്നു. സൈക്കോളജി ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ആർ‌. ജോൺസണെതിരെയാണ് വിദ്യാർത്ഥികൾ സമരത്തിനൊരുങ്ങുന്നത്. ആർ ജോൺസൺ ചട്ടവിരുദ്ധമായിട്ടാണ്  സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പദവിയിൽ എത്തിയിരിക്കുന്നതെന്നും അർഹതയില്ലാത്ത പിഎച്ച്‍ഡി ​ഗൈഡ്ഷിപ്പിന് യൂണിവേഴ്സിറ്റി അനുമതി നൽകിയെന്നുമാണ് ​ഗുരുതര ആരോപണം. കൂടാതെ പത്ത് വർഷത്തിലധികമായി ഈ അധ്യാപകനെതിരെ നിരവധി ആരോപണങ്ങളാണ് അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. പല തവണ യൂണിവേഴ്സിറ്റിക്ക് പരാതി നൽകിയെങ്കിലും വിദ്യാർത്ഥികൾക്ക് അനുകൂലമായ നടപടി  അധികൃതരുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് വിദ്യാർത്ഥി പ്രതിനിധി ഹസീന ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശദീകരിച്ചു.

കേരള പി‌എസ്‌സി എല്ലാ സർക്കാർ ജോലികളിൽ നിന്നും വിലക്കിയിട്ടുള്ള ഈ അധ്യാപകൻ ചട്ടവിരുദ്ധമായിട്ടാണ് കേരള യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ പദവിയിലിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്. പിഎച്ച്ഡി ​ഗൈഡ്ഷിപ്പ് നേടുന്നതിന് വേണ്ടിയുള്ള നടപടികളിൽ  കൃത്രിമം കാണിച്ചതിനെതു‍ടർന്ന് ​ഗൈഡ്ഷിപ്പിനുള്ള അപേക്ഷ തള്ളിക്കളഞ്ഞിരുന്നു. യൂണിവേഴ്സിറ്റി പ്രൊഫസറായി ആർ ജോൺസൺ നിയമിതനായ അന്നു മുതൽ അദ്ദേഹത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറുന്നു, കൃത്യമായി പഠിപ്പിക്കുന്നില്ല, സഹപ്രവർത്തകരോട് മോശമായി പെരുമാറുന്നു എന്നിങ്ങനെ നീളുന്നു പരാതിപ്പട്ടിക. 

"സോഷ്യൽ മീഡിയ വഴി ഈ പ്രശ്നം എല്ലാവരിലേക്കും എത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എല്ലാ മേലധികാരികൾക്കും പരാതി നൽകാനാണ് സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഞങ്ങളുടെ ഉദ്ദേശം. ഒരു നിശ്ചിത ദിവസത്തിനുള്ളിൽ പരാതിക്ക് തീർപ്പായില്ലെങ്കിൽ, എന്നത്തേയും പോലെ പരാതി വാങ്ങി വയ്ക്കാനാണ് ഉദ്ദേശമെങ്കിൽ യുജിസിക്ക് നേരിട്ട് പരാതി നൽകും. സാറിനെതിരെ യൂണിവേഴ്സിറ്റിയിലേക്ക് പോയിരിക്കുന്ന എല്ലാ പരാതികളുടെയും അതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെയും ലിസ്റ്റ് ഞങ്ങളുടെ കൈവശമുണ്ട്. അതുപോലെ അദ്ദേഹം വളരെ മോശമായി പലരോടും പെരുമാറിയത് ഞങ്ങൾക്കറിയാം. അത്തരത്തിലൊരാളെ അധ്യാപകനെന്ന് വിളിക്കാൻ വിദ്യാർത്ഥികൾ തയ്യാറല്ല",  വിദ്യാർത്ഥി പ്രതിനിധി ഹസീന പറയുന്നു.

ഇരുപതോളം പരാതികൾ വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ചിട്ടും ആകെ രണ്ട് തവണ മാത്രമാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. ഒരിക്കൽ സൈക്കോളജി ഡിപ്പാർട്ട്മെന്റ് മേധാവിയെ അവഹേളിച്ച് സംസാരിച്ചതിന്റെ പേരിൽ  യൂണിവേഴ്സിറ്റി നടപടി എടുത്തിരുന്നു. തിരികെ ജോലിയിൽ പ്രവേശിപ്പിച്ച സമയത്ത് ഇത്തരം സംഭവം ആവർത്തിക്കരുതെന്ന് താക്കീത് നൽകിയിരുന്നു. എന്നാൽ വീണ്ടും സമാനമായ രീതിയിൽ അവഹേളിച്ച് സംസാരിച്ചതായി വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു. തങ്ങൾക്ക് നീതി ലഭിക്കാത്ത പക്ഷം കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.