Asianet News MalayalamAsianet News Malayalam

ജിഹാദ് വിവാദം തീര്‍ക്കാൻ കോണ്‍ഗ്രസ്: സുധാകരനും സതീശനും സമുദായ നേതാക്കളെ കാണുന്നു

ഇന്ന് പ്രമുഖ ക്രൈസ്തവ സഭാധ്യക്ഷൻമാരേയും നാളെ മുസ്ലീം മതമേലധ്യക്ഷൻമാരേയും കാണുന്ന സുധാകരനും സതീശനും രണ്ടു കൂട്ടരേയും ഒരുമിച്ചിരുത്തിയുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കാനുള്ള ശ്രമത്തിലാണ്. 

Sudhakaran and Satheeshan meets spiritual leaders to resolve jihad conflict
Author
Kottayam Railway Station, First Published Sep 16, 2021, 12:06 PM IST

കോട്ടയം: പാലാ ബിഷപ്പിൻ്റെ നാര്‍കോട്ടിക്ക് ജിഹാദ് പ്രസ്താവനയെ തുടര്‍ന്ന് സമുദായങ്ങൾക്കിടയിൽ ഉണ്ടായ ഭിന്നത പരിഹരിക്കാൻ കോണ്‍ഗ്രസ് ഇടപെടൽ. ഇന്ന് കോട്ടയത്ത് എത്തിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതശീനും വിവിധ സമുദായ നേതാക്കളെ നേരിൽ കാണും. 

രാവിലെ ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് എത്തിയ ഇരുവരും അതിരൂപത ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ശേഷം കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഇലവുപാലം സലാഹുദ്ദീൻ മന്നാനിയുമായും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ന് പ്രമുഖ ക്രൈസ്തവ സഭാധ്യക്ഷൻമാരേയും നാളെ മുസ്ലീം മതമേലധ്യക്ഷൻമാരേയും കാണുന്ന സുധാകരനും സതീശനും രണ്ടു കൂട്ടരേയും ഒരുമിച്ചിരുത്തിയുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കാനുള്ള ശ്രമത്തിലാണ്. 

കെ സുധാകരൻ്റെ വാക്കുകൾ - 

വിവിധ സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യം നിലനിർത്താൻ ഉള്ള സാഹചര്യം രൂപപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കും. സർക്കാർ ഈ  വിഷയത്തിൽ മുൻകൈ എടുക്കത്തതിനാലാണ് കോൺഗ്രസ് മുന്നിട്ടിറങ്ങുന്നത്. അവർ തമ്മിൽ അടിക്കുന്നത് കണ്ട് ചോരകുടിക്കാൻ ആണ് സർക്കാർ നോക്കുന്നത്. സമവായത്തിന് വേണ്ടി മുൻകൈ എടുക്കേണ്ടത് ഞങ്ങളല്ല, സർക്കാരാണ്.  ചങ്ങനാശ്ശേരി ബിഷപ്പിനെ കണ്ടത് പ്രമുഖ വ്യക്തികളെ കാണുന്നതിൻ്റെ ഭാഗമായിട്ടാണ്. സമാധാന ശ്രമങ്ങളോട് പോസിറ്റീവ് ആയാണ് ചങ്ങനാശ്ശേരി ബിഷപ്പ് പ്രതികരിച്ചത്. ഇനി മുസ്ലിം സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. അവരുടെ സന്ദർശന അനുമതി തേടിയിട്ടുണ്ട്. പാലാ ബിഷപ്പിനെ ഉച്ചയ്ക്ക് രണ്ടുമണിക്ക് കാണും.

കോൺഗ്രസിൽ നിന്നും ഇപ്പോൾ പോകുന്നവർ മാലിന്യങ്ങളാണ്. അവരെ നേതാക്കൾ എന്ന് വിളിക്കാൻ സാധിക്കില്ല. അവർക്കൊപ്പം അണികളില്ല. സാധാ പ്രവർത്തകൻ പോയി എന്ന രീതിയിൽ പറഞ്ഞാൽ മതി. സെമി കേഡർ സംവിധാനം അറിയില്ല എന്ന് പറഞ്ഞ ഹസ്സന് മറുപടി പറയാനില്ല. കോൺഗ്രസിൽ വരുന്നത് പുതിയ സംവിധാനമാണ്. അത് പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്.സെമി കേഡർ സംവിധാനം അറിയാത്തവരെ അതു  പഠിപ്പിക്കുക തന്നെ ചെയ്യും. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios