തിരുവനന്തപുരം: കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്ന രണ്ട് പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അടക്കമുള്ള അധികൃതരെ വിളിച്ച് വരുത്തി ശാസിച്ച് ആരോഗ്യമന്ത്രി. സർക്കാറിന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചു. ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് - യുവമോർച്ച മാർ‍ച്ചുകളിൽ സംഘർഷമുണ്ടായി.

കൊവിഡ് പ്രതിരോധ നേട്ടങ്ങൾക്കിടെ സംസ്ഥാനത്തിന് വലിയ തിരിച്ചടിയുണ്ടാക്കുന്നതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് ആത്മഹത്യകൾ. ഈ സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തി ആരോഗ്യ മന്ത്രി അതൃപ്തി അറിയിച്ചതും ശാസിച്ചതും. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികളിലേക്ക് നീങ്ങാനാണ് സർക്കാർ ശ്രമം. ആശുപത്രിയുടെ ഭാഗത്തുണ്ടായ വീഴ്ച സംബന്ധിച്ച ആരോഗ്യമന്ത്രിയോ ഉദ്യോഗസ്ഥരോ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. അതേ സമയം സർക്കാരിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കുകയാണ്.

മന്ത്രിയുടെ വീട്ടിലേക്ക് ഡിസിസി നടത്തിയ മാർച്ച് നടത്തിയ എം എൽ എ വി എസ് ശിവകുമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസും സെക്രട്ടറിയേറ്റ് മാർച്ചിലും യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിലും സംഘർഷമുണ്ടാവുകയും ചെയ്തു. 

ആശുപത്രിയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ആനാട് സ്വദേശിയാണ് ആദ്യം ആത്മഹത്യ ചെയ്തത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശി വൈകിട്ട് വാർഡിനുള്ളിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിലായി ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 

ആശുപത്രിയിൽ നിന്നും ചാടിയ ആനാട് സ്വദേശി ഉണ്ണിയെയാണ് ആദ്യം ഐസോലേഷൻ വാർഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ആശുപത്രിയിൽ നിന്നും ചാടിയത് വിവാദമായിരുന്നു. ബസ്സിൽ കയറി നാട്ടിലെത്തിയ ഉണ്ണിയെ നാട്ടുകാരാണ് പിടികൂടി ആരോഗ്യവകുപ്പിനെ അറിയിച്ച് വീണ്ടും ആശുപത്രിയിലെത്തിച്ചത്. ഉണ്ണിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞിരുന്നു. ഡിസ്ചാർജ്ജിനുള്ള നടപടികൾ തുടങ്ങിയതിന് പിന്നാലെയാണ് ആത്മഹത്യ. 

ആ മരണത്തിന്‍റെ ഞെട്ടൽ മാറും മുമ്പാണ് നെടുമങ്ങാട് സ്വദേശി മുരുകേശൻ വൈകീട്ട് പേ വാർഡിനുള്ളിൽ തൂങ്ങിമരിച്ചത്. തമിഴ്നാട്ടിൽ നിന്നും തിരിച്ചെത്തിയ മുരുകേശനെ അവശനിലയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ അറിയിച്ചത് അനുസരിച്ചാണ് ആരോഗ്യ പ്രവർത്തകർ ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ട്. രോഗി രക്ഷപ്പെട്ടതിന് പിന്നാലെ, ഇവരിൽ ഒരാൾ ഉൾപ്പടെ രണ്ട് പേർ ആത്മഹത്യ കൂടി ചെയ്തതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വീഴ്ച വലിയ ചർച്ചയായി. ഈ സാഹചര്യത്തിലാണ് രണ്ട് മരണങ്ങളെക്കുറിച്ചും, ആരോഗ്യവകുപ്പ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോർട്ട് തരാൻ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്.