ജി 20 ഉച്ചകോടിയിലൂടെ ഇന്ത്യ നയന്ത്രത്തെ നവീകരിച്ചുവെന്നും ജനകീയമാക്കി എന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ.
തിരുവനന്തപുരം: ജി 20 ഉച്ചകോടിയിലൂടെ ഇന്ത്യ നയന്ത്രത്തെ നവീകരിച്ചുവെന്നും ജനകീയമാക്കി എന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ. 'ഉച്ചകോടി ബഹുമുഖവാദ സങ്കൽപങ്ങളെ പരിഷ്കരിച്ചു. നയതന്ത്രത്തെ ജനകീയവത്കരിച്ചു. ഉച്ചകോടിയിലെ പ്രതിനിധികൾക്കപ്പുറം ജനകീയമായ ഒരു ആഹ്ളാദം അത് സൃഷ്ടിച്ചു. എന്റെ ജീവിതത്തിലൊരിക്കലും ഇതിന് സമാനമായ അനുഭവം വേറെയില്ല. ഇത്തരം കൂട്ടായ്മകളുടെ അജണ്ടകൾ തീരുമാനിക്കാൻ നാം പ്രാപ്തരാണ് എന്ന് തെളിയിച്ചു.
ഉച്ചകോടിയുടെ അജണ്ട ഒന്നോ രണ്ടോ രാജ്യങ്ങൾ തീരുമാനിക്കുന്ന രീതി മാറി. ഗ്ലോബൽ സൗത്തിനായി ഉയർന്ന ആ ശബ്ദം 125ഓളം രാജ്യങ്ങളെ ഒന്നിപ്പിച്ചു. ഇന്ത്യയുടെ പ്രസിഡൻസി ജി 20 യെ പുതിയ വഴി നയിക്കുമെന്ന് ആദ്യമാസം തെളിഞ്ഞു. ലോകജനതയുടെ മൗലിക പ്രശ്നങ്ങളാണ് ജി 20 ചർച്ചയാക്കിയത്. എല്ലാ മേഖലയിലെയും പ്രധാന വെല്ലുവിളി സാമ്പത്തികമാണ്.' എസ് ജയശങ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനായി വിദേശകാര്യ വിദഗ്ധന്‍ ടിപി ശ്രീനിവാസനാണ് വിദേശകാര്യമന്ത്രിയുമായി പ്രത്യേക അഭിമുഖം നടത്തിയത്.
നയതന്ത്രത്തെ മീറ്റിംഗ് റൂമുകളിൽ നിന്ന് മാറ്റി ജനങ്ങളിലേക്കെത്തിച്ചു. ഗ്ലോബൽ സൗത്ത് എന്നതൊരു നിർവചനമല്ല, വികാരമാണെന്നും 125 രാജ്യങ്ങളുമായി ഗ്ലോബൽ സൗത്ത് എന്ന ആശയം ചർച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും എസ്.ജയശങ്കര്‍ വ്യക്തമാക്കി. സംസ്ഥാനത്തേക്കുള്ള എല്ലാ യാത്രകളും സന്തോഷകരമാണെന്നും ജയശങ്കർ പറഞ്ഞു. ജി 20 യുടെ വൻ വിജയത്തിന് ശേഷമാണ് കേന്ദ്ര വിദേശകാര്യകാര്യമന്ത്രി എസ് ജയശങ്കർ സംസ്ഥാനത്തെത്തിയത്.
ജി 20യില്‍ ചൈനീസ് പ്രസിഡന്റിന്റെ അസാന്നിധ്യത്തെ കുറിച്ച് ഉയര്‍ന്നത് ഊഹാപോഹങ്ങളാണെന്നും എസ് ജയശങ്കര്‍ അഭിമുഖത്തില്‍ പറഞ്ഞു. ''ലോകത്തില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു ദശാബ്ദത്തിന്റെ പഴക്കമുണ്ട്. ആഗോളവത്കരണത്തിന്റെ അസമത്വങ്ങളാണ് അതിന് വഴി തെളിച്ചത്. ഇരുപത് വര്‍ഷത്തിന്റെ നിരാശയും പകയും പുതിയ ധ്രൂവീകരണങ്ങള്‍ക്ക് പിന്നിലുണ്ട്. ഇതിന് പിന്നാലെയാണ് കോവിഡിന്റെ വരവ്. ശേഷം ഉക്രൈന്‍ പ്രശ്‌നവും ആരംഭിച്ചതോടെ സ്ഥിതി രൂക്ഷമായി. പല രാജ്യങ്ങള്‍ക്കും മുന്നില്‍ ഇന്ത്യ ഒരു സാധ്യതയായി. വില കുറഞ്ഞ ഉത്പന്നങ്ങള്‍ കൊണ്ട് പല രാജ്യങ്ങളും നിറഞ്ഞു.
ഉത്പന്നങ്ങളെ കൊണ്ട് ഏഷ്യന്‍ രാജ്യങ്ങളെ നിറക്കുന്നത് ഇന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അല്ല. പടിഞ്ഞാറന്‍ രാജ്യങ്ങളാണ് പ്രശ്‌നമെന്ന പഴയ സങ്കല്‍പ്പം മാറണം. ലോകവും സാഹചര്യങ്ങളും കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. നമ്മളാരുടെയും തലവാന്‍മാരാകാന്‍ ശ്രമിച്ചിട്ടില്ല. ശബ്ദമാവുകയാണ് ചെയ്തത്. ഇന്ന് വിശ്വകര്‍മ്മ ദിനമാണ്. ആ വിഭാഗം വെല്ലുവിളികള്‍ നേരിടുന്നു. അത് പടിഞ്ഞാറന്‍ രാജ്യങ്ങളെ കൊണ്ടല്ലല്ലോ. 80കളിലെയും 90കളുടെയും സിന്‍ഡ്രം മാറേണ്ടിയിരിക്കുന്നു. ഗ്ലോബലൈസേഷന് ശേഷം ഉത്പാദനം പ്രതിസന്ധികളെ നേരിട്ടു. അത് രാജ്യങ്ങളെയും ബാധിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിലൊക്കെയുള്ള യാത്രയില്‍ ആ രാജ്യത്തെ മനുഷ്യര്‍ ചന്ദ്രയാന്റെ പേരില്‍ അഭിമാനം കൊള്ളുന്നത് കാണാം. ഇന്ത്യയുടെ പുരോഗതി അവര്‍ കാണുന്നു. നമുക്കും വളരാമെന്ന സന്ദേശം ഇന്ത്യ അവരിലേക്ക് കൈമാറുന്നു.''-എസ് ജയശങ്കര്‍ അഭിമുഖത്തില്‍ പറഞ്ഞു.
