ഓണക്കാലത്ത് പോലും ജനങ്ങൾക്ക് വിലക്കയറ്റത്തിൻ്റെ നേരിയ സമ്മർദ്ദം ഇല്ലാതെ ന്യായവിലയ്ക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കാൻ കഴിഞ്ഞിരിക്കുന്നുവെന്നും അതിൽ സപ്ലൈകോയുടെ സേവനം വളരെ വലുതാണെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
തിരുവനന്തപുരം: സപ്ലൈകോ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തിൽ. ഓഗസ്റ്റ് 27-ാം തീയതി വരെയുള്ളതിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വിൽപ്പനയായ 15.7 കോടി കടന്നു. ഓഗസ്റ്റ് 29ന് റെക്കോർഡ് ഭേദിച്ച് പ്രതിദിന വിൽപ്പന 17.91 കോടിയായി. 41,30,418 ഉപഭോക്താക്കളാണ് സപ്ലൈകോയുടെ വിൽപ്പനശാലകൾ 29വരെ സന്ദർശിച്ചത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വിലക്കയറ്റത്തിനുള്ള സാധ്യത രാജ്യത്ത് ഏറ്റവും ഉയർന്ന തോതിലാണ്. എന്നാൽ മാതൃകാപരമായ വിപണി ഇടപെടൽ പ്രവർത്തനങ്ങളിലൂടെ ഈ ഓണക്കാലത്ത് പോലും ജനങ്ങൾക്ക് വിലക്കയറ്റത്തിൻ്റെ നേരിയ സമ്മർദ്ദം ഇല്ലാതെ ന്യായവിലയ്ക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കാൻ കഴിഞ്ഞിരിക്കുന്നുവെന്നും അതിൽ സപ്ലൈകോയുടെ സേവനം വളരെ വലുതാണെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
എല്ലാ റേഷൻ കടകളും ഇന്നും തുറന്ന് പ്രവർത്തിക്കും. ഈ മാസത്തെ റേഷൻ വിഹിതം ഇതുവരെ കൈപ്പറ്റാത്തവർ ഓഗസ്റ്റ് 31 നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സെപ്റ്റംബർ ഒന്നിന് റേഷൻ കടകൾ അവധിയായിരിക്കും. സെപ്‌റ്റംബര്‍ മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ രണ്ടിന് ആരംഭിക്കും. എ എ വൈ കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്‌റ്റംബര്‍ മാസവും തുടരും.
അതേസമയം, ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകൾ ആരംഭിച്ച ഓഗസ്റ്റ് 25 മുതൽ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവെന്ന് കണക്കുകൾ. ഇതിൽ ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിൽ അധികമാണ്. ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചതെന്ന് സർക്കാരിന്റെ കണക്ക്.
