അറുപത്തിയഞ്ചോളം എസ്‍സി/എസ്ടി സംഘടനകളുടെ സംയുക്ത വേദിയായ അംബേദ്‌കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഡിഎഫ്) യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഇടതുപക്ഷ വികസന പദ്ധതികൾ ആദിവാസി-ദലിത് വിഭാഗങ്ങളെ അവഗണിച്ചെന്നും എസ്‍സി/എസ്ടി ഫണ്ടുകൾ പാഴാക്കിയെന്നും സംഘടന ആരോപിച്ചു. 

കൊച്ചി: ഇടതുപക്ഷ വികസന പദ്ധതികൾ ആദിവാസി - ദലിത് വിഭാഗങ്ങളെ അവഗണിച്ചതിനാൽ എസ്‍സി/എസ്ടി സംഘടനകൾ യുഡിഎഫിനെ പിന്തുണക്കുമെന്ന് അംബേദ്‌കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഡിഎഫ്). അറുപത്തിയഞ്ചോളം എസ്‍സി/എസ്ടി സംഘടനകളുടെ സംയുക്ത വേദിയാണ് എഡിഎഫ്. ഇടതുപക്ഷത്തിൻ്റെ തുടർഭരണം പാർശ്വവൽകൃതരുടെ നിലനിൽപ്പ് അപകടത്തിലാക്കുമെന്നതാണ് എസ്‍സി/എസ്ടി സംഘടനകളുടെ പൊതുവികാരമെന്ന് നേതാക്കൾ പ്രതികരിച്ചു.

ഇടതുപക്ഷത്തിൻ്റെ വമ്പൻ വികസന മാതൃകകൾ വിഴിഞ്ഞും തുറമുഖം, നാഷണൽ ഹൈവേ, തുരങ്കപാത തുടങ്ങിയവയാണ്. കേരളത്തിൻ്റെ ബജറ്റിൻ്റെ വാർഷിക ചെലവ് രണ്ട് ലക്ഷം കോടിയിലേറെയായി വർദ്ധിച്ചു എന്നത് വളർച്ചയുടെ ലക്ഷണമായാണ് ഇടതുപക്ഷം പറയുന്നത്. എന്നാൽ യാഥാർത്ഥ്യം അതല്ലെന്ന് എഡിഎഫ് നേതാക്കൾ പറയുന്നു. വാർഷിക ബജറ്റിൻ്റെ 1/7 ഭാഗം മാത്രമാണ് പ്ലാൻ വിഹിതം (പ്ലാൻ ഫണ്ട്). ഇത് കഴിഞ്ഞ 8 വർഷമായി ശരാശരി 29,000 കോടിയായി തുടരുന്നു. ഉൽപാദനമേഖല മുരടിച്ചു പോയി. ബജറ്റ് ചിലവിന്റെ ഗണ്യമായ ഭാഗം പദ്ധതി ഇതര (നോൺ പ്ലാൻ) മേഖലയാണ്. റവന്യൂ വരുമാന ന്റെ മുഖ്യഭാഗമെടുത്ത് ജീവനക്കാരുടെ ശമ്പളം, എയ്‌ഡഡ് മേഖല ശമ്പളം, പെൻഷനുകൾ, ക്ഷേമപെൻഷനുകൾ തുടങ്ങിയവ നൽകുന്നതാണ് പദ്ധതി ഇതര (നോൺ പ്ലാൻ) മേഖലയിൽ നടക്കുന്നത്. കിഫ്‌ബിയിൽ നിന്നും 50,000 കോടിയോളം കടമെടുത്ത് വമ്പൻ പശ്ചാത്തല വികസനവും നടത്തുന്നു. നികുതിദായകരായ സാധാരണക്കാർ, ദലിതർ, ആദിവാസികൾ, മത്സ്യതൊഴിലാളികൾ, ചെറിയ വരുമാനക്കാർ തുടങ്ങിയവർ ഇതിൻ്റെ ഗുണഭോക്താക്കളല്ല. കാഴ്ചക്കാർ മാത്രമാണ്. സർക്കാരുണ്ടാക്കുന്ന കടം വീട്ടാൻ സാധാരണക്കാർ നികുതി നൽകുകയും വേണമെന്ന് എഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.

ബജറ്റിൻ്റെ പ്ലാൻ വിഹിതത്തിൻ്റെ (1/7 ഭാഗം) 10 ശതമാനം മാത്രമാണ് എസ്‍സി/എസ്ടി വികസനത്തിന് വേണ്ടി മാറ്റിവെക്കുന്നത്. ഇതിലേറെയും പാഴാക്കുന്നു. 9 വർഷത്തിനുള്ളിൽ എസ്‍സി/എസ്ടി ഫണ്ടിൽ 7411 കോടി പാഴാക്കിയെന്ന് എഡിഎഫ് ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ മേഖലയാണ് ഇതുവഴി തകർക്കപ്പെട്ടത്.വിദ്യാഭ്യാസത്തിന് സംസ്ഥാന സർക്കാരിന് കൈമാറുന്ന തുകയുടെ 50 ശതമാനം മാത്രമെ 7 വർഷക്കാലമായി ചെലവഴിക്കുന്നുള്ളു. ഇ-ഗ്രാൻ്റുകൾ കൃത്യസമയത്ത് നൽകാത്തതിനാൽ 150-ഓളം എസ്‍സി, എസ്ടി വിദ്യാർത്ഥികൾ പഠനം അവസാനിപ്പിച്ചു. ഭീമമായ തുക പാഴാക്കുമ്പോൾ തുച്ഛമായ നിരക്കിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന അക്കാദമിക് അലവൻസുകൾ (സ്റ്റൈപെൻ്റ്, ഹോസ്റ്റൽ ഫീസ്, പോക്കറ്റ് മണി എന്നിവ) വർദ്ധിപ്പിച്ചില്ലെന്ന് എഡിഎഫ് ചൂണ്ടിക്കാട്ടുന്നു .

സർക്കാർ ഹോസ്റ്റലുകൾക്ക് 3500 രൂപ (എസ്.സി /എസ്.ടി.) സ്വകാര്യ സ്റ്റൽ 1500 രൂപ (എസ്.സി.), സ്വകാര്യ സ്റ്റൽ 3000 രൂപ (എസ്.ടി.) എന്നീ നിരക്കിലാണ് ഇപ്പോഴും നൽകുന്നത്. പ്രതിമാസം 6500- 7500 നിരക്കിൽ ചിലവ് വരുമ്പോഴാണ് എസ്.സി./എസ് ടി. വിദ്യാർത്ഥികളോട് അനീതി കാട്ടുന്നത്. പ്രതിമാസം നൽകുന്ന സ്റ്റെപ്പൻ്റ് വർദ്ധിപ്പിച്ചില്ല. വർഷത്തിൽ ഒരിക്കൽ നൽകുന്ന ലംപ്‌സംഗ്രാൻ്റ് 10 ശതമാനം മാത്രം വർദ്ധിപ്പിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന എല്ലാ ഗ്രാൻ്റുകളും അട്ടിമറിച്ചതായി സി.എ.ജി. റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇ-ഗ്രാൻ്റുകൾ കുടിശികയില്ലാതെ കൊടുത്തു എന്ന മന്ത്രി ഒആർ കേളുവിൻ്റെ പ്രസ്‌താവന സത്യമല്ല. 'കോളനി' എന്ന പേര് മാറ്റി 'ഉന്നതി' എന്നാക്കിയതല്ലാതെ കേന്ദ്രസർക്കാർ ഭൂരഹിതർക്ക് നൽകാൻ കൈമാറിയ ഭൂമിപോലും (19000 ഏക്കർ) വിതരണം ചെയ്ത‌ിട്ടില്ല. ലൈഫ് ഭവനപദ്ധതിയിൽ കൈമാറുന്ന തുകയുടെ ഗണ്യമായ ഭാഗം എസ്‍സി എസ്ടി ഫ്രണ്ട് ആയിട്ടും, എസ്‍സി എസ്ടി ഗുണഭോക്താക്കൾ അവഗണിക്കപ്പെടുന്നുവെന്ന് എഡിഎഫ് ആരോപിച്ചു.

യു.ഡി.എഫിന് പിന്തുണ നൽകുന്നതോടൊപ്പം എസ്‍സി, എസ്ടി വികസനത്തിൻ്റെ മുൻഗണന നിശ്ചയിക്കാൻ ഒരു അവകാശപത്രിക മുന്നണികൾക്ക് നൽകിയിട്ടുണ്ടെന്നും എഡിഎഫ് നേതാക്കൾ പറഞ്ഞു. എസ്‍സി എസ്ടി ഫണ്ട് പാഴാക്കാതിരിക്കാൻ എസ്‍സി എസ്ടി ഫണ്ട് ആക്റ്റ് നടപ്പിലാക്കുക, ഭൂപ്രശ്‌നം പരിഹരിക്കുക, എയ്‌ഡഡ് മേഖലയിൽ സംവരണം നടപ്പാക്കുക തുടങ്ങിയവ ഇതിൽ പ്രധാനമാണ്. യുഡിഎഫ് മുന്നണിക്ക് പിന്തുണ നൽകുന്ന തോടൊപ്പം സ്ഥാനാർത്ഥി നിർണയത്തിൽ ദലിത് - ആദിവാസി ആക്റ്റിവിസ്റ്റുകൾക്ക് വേണ്ട പരിഗണന നൽകിയിട്ടില്ല എന്ന വിമർശനവുമുണ്ടെന്ന് എഡിഎഫ് വർക്കിങ് പ്രസിഡൻ്റ് അംബുജാക്ഷനും ജനറൽ കൺവീനർ ഗീതാനന്ദനും പറഞ്ഞു.