ദില്ലി: കണ്ടനാട് പള്ളി തർക്ക കേസില്‍ ഹൈക്കോടതി ജഡ്ജിക്കും ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവ്‌ ഇറക്കാൻ എന്ത് അധികാരമാണ് ഹൈക്കോടതി ജഡ്ജിക്ക് ഉള്ളത്. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓർക്കണം എന്നും ജസ്റ്റിസ് അരുൺ മിശ്ര വിമര്‍ശിച്ചു.

സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവിറക്കാന്‍ ഹൈകോടതി ജഡ്ജി ഹരിപ്രസാദ് ആരാണ് എന്ന് സുപ്രീംകോടതി ചോദിച്ചു. ജുഡിഷ്യൽ അച്ചടക്കം എന്നത് ജഡ്ജിക്ക് അറിയില്ലേ. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുൺ മിശ്ര മുന്നറിയിപ്പ് നല്‍കി.

കണ്ടനാട് പള്ളിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാൻ നിർദേശിച്ചുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സുപ്രീം കോടതി ഉത്തരവുകൾ കേരളത്തിൽ നിരന്തരം ലംഘിക്കപ്പെടുന്നതായും ജസ്റ്റിസ് അരുണ്‍ മിശ്ര കുറ്റപ്പെടുത്തി.