Asianet News MalayalamAsianet News Malayalam

മരട് ഫ്ലാറ്റ്: മൂന്നം​ഗ സമിതിക്ക് രൂപം നൽകി സുപ്രീംകോടതി, നാളെ മുതൽ ഫ്ലാറ്റ് ഉടമകളുടെ നിരാഹാര സമരം

ഫ്ലാറ്റ് ഉടമകൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം ‌ഉറപ്പാക്കുകയും കിട്ടേണ്ട മൊത്തം തുക സംബന്ധിച്ച പരിശോധനയും സമിതി നടത്തണമെന്ന് സുപ്രീംകോടതി അറിയിച്ചു.

supreme court forms new three member committee for maradu flat case
Author
Kochi, First Published Sep 28, 2019, 4:10 PM IST

കൊച്ചി: മരട് ഫ്ലാറ്റ് കേസിൽ മൂന്നംഗ സമിതിക്ക് രൂപം നൽകി സുപ്രീംകോടതി. റിട്ട. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരാകും സമിതിക്ക് നേതൃത്വം നൽകുക. ഫ്ലാറ്റ് ഉടമകൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം ‌ഉറപ്പാക്കുകയും കിട്ടേണ്ട മൊത്തം തുക സംബന്ധിച്ച പരിശോധനയും സമിതി നടത്തണമെന്ന് സുപ്രീംകോടതി അറിയിച്ചു.

മരടിലെ 343 ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ വീതം തൽക്കാലത്തേക്ക് സർക്കാർ നൽകണമെന്നാണ് സൂപ്രീംകോടതിയുടെ ഉത്തരവ്. നഷ്ട പരിഹാര തുക ഉടമകൾക്ക് നൽകാനും ബാക്കി എത്ര തുക നൽകണമെന്ന് നിശ്ചയിക്കാനുമാണ് മൂന്നം​ഗ സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. ഒരു സാങ്കേതിക വിദ​ഗ്ദനും ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥനും സമിതിയിൽ ഉണ്ടാകും. 

അതേസമയം, മരട് ഫ്ലാറ്റ് ഉടമകൾ നാളെ മുതൽ നിരാഹാര സമരം തുടങ്ങുമെന്ന് മരട് ഭവന സംരക്ഷണസമിതി അറിയിച്ചു. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയാണ് ഫ്ലാറ്റ് ഉടമകൾ സമരം നടത്തുന്നത്.

1) മരടിലെ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളോടുള്ള മനുഷ്യാവകാശ ലംഘനവും നീതിനിഷേധവും അവസാനിപ്പിക്കുക.

2) ഇരുട്ടിന്റെ മറവിൽ വിച്ഛേദിക്കപ്പെട്ട വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ ഉടൻ പുനഃസ്ഥാപിക്കുക.

3) കുടിയൊഴിപ്പിക്കപ്പെടുന്നതിനു മുൻപ് അനുയോജ്യമായ വാസസ്ഥലം ഉറപ്പാക്കുക.

4) സമാധാനപരമായി ഒഴിഞ്ഞു പോകുന്നതിന് ആവശ്യമായ സമയം അനുവദിക്കുക.

5) ഒഴിപ്പിക്കുതിന് മുമ്പ് ഫ്ലാറ്റുകളുടെ മൂല്യം നിർണയിക്കുക.

6) പ്രാഥമിക നഷ്ടപരിഹാരത്തുക എത്രയും വേഗം നൽകുക, എന്നിവ ആവശ്യപ്പെട്ടാണ് ഫ്ലാറ്റ് ഉടമകൾ സമരം നടത്തുന്നത്.

മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഉപാധികൾ വച്ച് ഉടമകൾ സർക്കാരിന് കത്ത് നൽകിയിരുന്നു. ഒഴിപ്പിക്കൽ വൈകിപ്പിക്കണമെന്നും നഷ്ടപരിഹാരം വേഗം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ഉടമകളുടെ പ്രതിനിധികൾ സർക്കാരിന് കത്ത് നൽകിയത്. എന്നാൽ സുപ്രീംകോടതി അറിയിച്ചതു പോലെ തന്നെ ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്  അറിയിച്ചു. കോടതി നിർദ്ദേശിച്ചതനുസരിച്ചുള്ള നഷ്ടപരിഹാരം ഫ്ലാറ്റ് ഉടമകൾക്ക് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: മരട് ഫ്ലാറ്റുകൾ ഉപാധികളോടെ ഒഴിയാം: അർഹമായ നഷ്ടപരിഹാരം വേണം: സർക്കാരിന് ഫ്ലാറ്റുടമകളുടെ കത്ത്

ഫ്ലാറ്റ് ഉടമകൾക്ക് നിർമ്മാതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന് സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടതോടെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിയില്ലെന്ന നിലപാട് മയപ്പെടുത്തുകയാണ് ഉടമകൾ. ഒഴിഞ്ഞ് പോകുന്നതിന് കൂടുതൽ സമയം വേണം, വൈദ്യുതി ബന്ധം ഉടൻ പുനസ്ഥാപിക്കണം, നഷ്ടപരിഹാരം വേഗത്തിൽ നൽകണം എന്ന് ഫ്ലാറ്റ് ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഫ്ലാറ്റ് നിർമ്മാതാക്കളുടെ സ്വത്തുക്കൾ കണ്ട് കെട്ടുന്നതിനായുള്ള നടപടി തുടങ്ങിയെന്നും ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയെന്നും ടോം ജോസ് അറിയിച്ചിരുന്നു.

Read Also: മരട് ഫ്ലാറ്റ്: ഒഴിപ്പിക്കൽ നടപടി നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്

അതേസമയം, ഫ്ലാറ്റ് പൊളിക്കൽ നടപടികൾക്കായി സർക്കാർ നിയമിച്ച പുതിയ സെക്രട്ടറി പൂർണ ഭരണ ചുമതല ഏറ്റെടുക്കാത്തതിനെ ചൊല്ലി മരട് നഗരസഭയിൽ ഭരണ പ്രതിസന്ധിക്ക് കാരണമായി. പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ സെക്രട്ടറി സ്നേഹിൽ കുമാർ ഐഎഎസ് പങ്കെടുക്കാതെ വിട്ടുനിന്നു. സെക്രട്ടറി ഇല്ലാതെ യോഗം ചേരുന്നതിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടർന്ന് അജണ്ടകൾ എടുക്കാതെ യോഗം നിർത്തിവെച്ചു. നഗരസഭാ പ്രതിസന്ധിയുടെ ഉത്തരവാദി സർക്കാർ ആണെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭാധ്യക്ഷ സർക്കാരിന് കത്തും നൽകിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios