നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിൽ ഫ്ലാറ്റുടമകൾക്ക് യാതൊരു ആശങ്കയും വേണ്ടെന്നും നിര്‍മ്മാണ കമ്പനികൾ കോടതിയുടെ നിരീക്ഷണത്തിൽ തന്നെയാണെന്നും ജസ്റ്റിസ് നവീൻ സിൻഹ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

ദില്ലി: മരടിലെ ഫ്ലാറ്റുടമകൾക്കുള്ള നഷ്ടപരിഹാര കുടിശ്ശിക നൽകുന്നതിന് ഫ്ലാറ്റ് നിര്‍മ്മാണ കമ്പനികൾക്ക് മൂന്ന് മാസത്തെ സാവകാശം കൂടി നൽകി സുപ്രീംകോടതി. അതിനകം നഷ്ടപരിഹാര കുടിശ്ശിക നൽകിയില്ലെങ്കിൽ നടപടി നേരിടേണ്ടിവരുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിൽ ഫ്ലാറ്റുടമകൾക്ക് യാതൊരു ആശങ്കയും വേണ്ടെന്നും നിര്‍മ്മാണ കമ്പനികൾ കോടതിയുടെ നിരീക്ഷണത്തിൽ തന്നെയാണെന്നും ജസ്റ്റിസ് നവീൻ സിൻഹ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഫ്ലാറ്റുടമകൾക്ക് നൽകാനുള്ള പണം നൽകിയ ശേഷം സര്‍ക്കാരിന്‍റെ കുടിശ്ശിക നൽകിയാൽ മതിയെന്ന് കോടതി പറഞ്ഞു. നഷ്ടപരിഹാരം നൽകാനായി ചിലവിട്ട പണത്തിന് പുറമെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ചിലവാക്കിയ മൂന്ന് കോടി രൂപ കൂടി നൽകണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നവംബര്‍ മാസത്തിൽ കോടതി വാദം കേൾക്കും. തീരപരിപാലന നിയമങ്ങള്‍ കാറ്റില്‍ പറത്തി മരടില്‍ പടുകൂറ്റന്‍ ഫ്ലാറ്റുകള്‍ നിര്‍മിച്ച കേസുകള്‍ കൈംബ്രാഞ്ചും വിജിലന്‍സും അന്വേഷിക്കുണ്ട്.

ജയിന്‍ കോറല്‍ കോവ്, ആല്ഫാ സറീന്‍, എച്ച്ടു ഓ ഹോളിഫെയ്ത്ത് എന്നിവ സംബന്ധിച്ച കേസുകളാണ് ക്രൈംബ്രാഞ്ചിന്‍റെ കൈവശമുള്ളത്. വിജിലന്‍സ് അന്വേഷിക്കുന്നത് ഗോള്‍ഡന്‍ കായലോരം സംബന്ധിച്ച കേസുകളാണ്. നാല് സമുച്ചയങ്ങളിലുമായുള്ളത് 328 ഫ്ലാറ്റുകളാണ്. അന്വഷണം ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയും നിയമിച്ചു. ഓരോ വ്യക്തിഗത പരാതിയിലും പ്രത്യേകം കുറ്റപത്രങ്ങള്‍ ഫയല്‍ ചെയ്യണം എന്നാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമോപദേശം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona