Asianet News MalayalamAsianet News Malayalam

ശിക്ഷ കഴിഞ്ഞിട്ടും ജയിലിലിടുന്നത് ക്രൂരത; 30 വർഷമായി തടവിൽ കഴിയുന്നയാൾക്ക് മോചനം നൽകി സുപ്രീം കോടതി

പീഡിപ്പിച്ച ശേഷം സ്ത്രീയെ റെയിൽവേ ട്രാക്കിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്

Supreme court let Kerala native Joseph who was in jail for 30 years free kgn
Author
First Published Sep 21, 2023, 11:46 AM IST

ദില്ലി: ശിക്ഷ കാലാവധി കഴിഞ്ഞിട്ടും ദീർഘനാൾ വീണ്ടും ജയിലിടുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി. കേരളത്തിൽ നിന്നുള്ള കേസിൽ വിധി പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് എസ് രവീന്ദ്ര ബട്ട്, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റ ഉത്തരവ്. മുപ്പത് വർഷമായി ജയിലിൽ കഴിയുന്ന വ്യക്തിയെ മോചിപ്പിക്കാൻ ഉത്തരവിട്ടുകൊണ്ടാണ് സുപ്രീം കോടതി ഈ പരാമർശം നടത്തിയത്. ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന അങ്കമാലി സ്വദേശി ജോസഫിനെയാണ് കോടതി മോചിപ്പിച്ചത്. 

നേരത്തെ ജീവപര്യന്തം തടവ് ശിക്ഷയായിരുന്നു പ്രതിക്ക് കിട്ടിയിരുന്നത്. തൃശ്ശൂർ സ്വദേശിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റവാളിയെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. പീഡിപ്പിച്ച ശേഷം സ്ത്രീയെ റെയിൽവേ ട്രാക്കിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. ഹൈക്കോടതി വിധിക്കെതിരെ ജോസഫിന്റെ അപ്പീൽ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന് കാണിച്ച് ആർട്ടിക്കിൾ 32 പ്രകാരം നൽകിയ ഹർജിയിലാണ് കോടതി ഇപ്പോൾ വിധി പ്രസ്താവിച്ചത്.  

തനിക്ക് ശിക്ഷ വിധിക്കുമ്പോൾ 1958 ലെ ജയിൽ നിയമമാണ് ബാധകമെന്നും അതിനാൽ ഈ നിയമം അനുസരിച്ച് ജീവപര്യന്തം ശിക്ഷ പൂർത്തിയായ സാഹചര്യത്തിൽ  ജയിൽ മോചനം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നേരത്തെ കേസിൽ വാദം കേൾക്കുമ്പോൾ ഈ ആവശ്യത്തെ സംസ്ഥാന സർക്കാർ അതിശക്തമായി എതിർത്തിരുന്നു. സംസ്ഥാന സർക്കാർ പുതിയ പ്രിസൺ ആക്ട് നടപ്പിലാക്കിയെന്നും 2014 ൽ ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ പുറത്തിറക്കിയെന്നും ഈ ചട്ടങ്ങൾ അനുസരിച്ച് പതിനാല് വർഷമായ തടവുകാരുടെ കാര്യത്തിൽ സാധാരണ സംസ്ഥാനം തീരുമാനം എടുക്കാറുണ്ടെന്നും കോടതിയെ അറിയിച്ചു. 

സർക്കാരിന്‍റെ നയം അനുസരിച്ച് കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്യുന്നവരെയും കൊലപ്പെടുത്തുന്നവരെയും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെയും അടക്കം കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നവരെ ജയിൽ മോചിതരാക്കേണ്ടെന്നാണ് സർക്കാരിന്റെ നയമെന്ന് സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ ഹർഷദ് വി ഹമീദ് കോടതിയിൽ വാദിച്ചിരുന്നു. ഉപദേശക സമിതി ഒന്നിലേറെ തവണ മോചനത്തിന് ശുപാർശ ചെയ്തിട്ടും നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ജോസഫിന് മോചനം നിഷേധിച്ചെന്നാണ് ജോസഫിനായി ഹാജരായ അഭിഭാഷകൻ അഡോല്‍ഫ് മാത്യു വാദിച്ചത്. ദീർഘനാളായുള്ള ജോസഫിന്റെ ജയിൽ വാസം കണക്കിലെടുത്താണ് കോടതി നിലവിൽ ജയിൽ മോചനത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios