Asianet News MalayalamAsianet News Malayalam

ആനുകൂല്യങ്ങൾ നൽകാതെ അടച്ചുപൂട്ടിയ തോട്ടങ്ങൾ, ഒടുവിൽ നീതി; തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശിക നൽകാൻ ഉത്തരവ്

കേരളത്തിലെ ആറ് എസ്റ്റേറ്റുകളിലെ 1892 തൊഴിലാളികൾക്ക് 28 കോടി രൂപ നൽകാനാണ് രണ്ടംഗ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

supreme court order gratuity plantation laborers SSm
Author
First Published Nov 15, 2023, 8:07 AM IST

ദില്ലി: സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശിക നൽകാൻ സുപ്രീംകോടതി ഡിവിഷൻ ബഞ്ച് ഉത്തരവായി. കേരളത്തിലെ ആറ് എസ്റ്റേറ്റുകളിലെ 1892 തൊഴിലാളികൾക്ക് 28 കോടി രൂപ നൽകാനാണ് രണ്ടംഗ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഗ്രാറ്റുവിറ്റി കുടിശിക നിർണയിക്കാൻ സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അഭയ് മനോഹർ സാപ്രേയയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയും കെടുകാര്യസ്ഥതയും മൂലം കേരളമുൾപ്പെടെ നാലു സംസ്ഥാനങ്ങളിലെ നിരവധി തോട്ടങ്ങൾ 2000 ൽ അടച്ചു പൂട്ടിയിരുന്നു. ഇടുക്കിയിലെ പീരുമേട് ടീ കമ്പനി ഉൾപ്പെടെ ഏഴ് തോട്ടങ്ങളാണ് സംസ്ഥാനത്ത് പൂട്ടിയത്. തൊഴിലാളികൾക്കു നൽകേണ്ട ആനുകൂല്യങ്ങളെല്ലാം നിഷേധിച്ചായിരുന്നു അടച്ചുപൂട്ടൽ. ഇതിനെതിരെ ഇന്റർ നാഷണൽ യൂണിയൻ ഓഫ് ഫുഡ് അഗ്രികൾച്ചറൽ ആൻറ് അതേഴ്സ് എന്ന സംഘടന സുപ്രീംകോടതിയിൽ ഹർജി നൽകി. തുക നൽകാൻ 2006 ൽ വിധി വന്നെങ്കിലും നടപ്പായില്ല. 

സംഘടന വീണ്ടും കോടതിയെ സമീപിച്ചതോടെ ജസ്റ്റിസ് അഭയ് മനോഹർ സാപ്രേയയെ കണക്കെടുപ്പ് നടത്താൻ കമ്മീഷനായി നിയോഗിച്ചു. ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടർ ആർ പ്രമോദിന്റെ നേതൃത്വത്തിൽ 2017 ഡിസംബറിൽ അദാലത്തും നടത്തി കണക്കുകൾ ശേഖരിച്ച് കമ്മീഷനു നൽകിയിരുന്നു. മൂന്നു മാസം മുൻപ് കണക്കെടുപ്പ് പൂർത്തിയാക്കി. അതാതു സംസ്ഥാന സർക്കാരുകളുടെ വിശദീകരണവും തോട്ടങ്ങൾ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തിയുമാണ് കമീഷൻ റിപ്പോർട്ട് നൽകിയത്. ഇതു പരിഗണിച്ചാണ് കോടതിയുടെ നടപടി.

കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്ന തുക എസ്റ്ററ്റ് ഉടമകൾ ആറു മാസത്തിനുള്ളിൽ തൊഴിൽ വകുപ്പിൽ അടയ്ക്കണം. ഈ തുക ലേബർ കമീഷണറുടേയും സബ് കമ്മറ്റിയുടേയും മേൽ നോട്ടത്തിൽ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും ഉത്തരവിലുണ്ട്. ജനുവരി അഞ്ചിന് കേസ് കോടതി വീണ്ടും പരിഗണിക്കും.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios