ദില്ലി: കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകൾ പൊളിക്കാൻ തയ്യാറാണെന്ന് അറിയിച്ച കമ്പനിയുടെ വിവരങ്ങൾ തേടി സുപ്രീംകോടതി രജിസ്ട്രി. ബംഗളൂരു ആസ്ഥാനമായ അക്വറേറ്റ് ഡിമോളിഷന്‍ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങളാണ് സുപ്രീംകോടതി രജിസ്ട്രി ആവശ്യപ്പെട്ടത്. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് കമ്പനി നേരിട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കമ്പനിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രജിസ്ട്രിക്ക് കൈമാറി. 

ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ടെണ്ടര്‍ നല്‍കിയ 13 കമ്പനികളിലൊന്നാണ് അക്വറേറ്റ് ഡിമോളിഷൻ. ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിയില്ലെന്ന് കാണിച്ചാണ് കമ്പനി നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്. 

പാരിസ്ഥിതിക ആഘാതം കൂടാതെ ഫ്ളാറ്റുകൾ പൊളിക്കാൻ തയ്യാറാണെന്നാണ് കമ്പനി  ഹർജിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനായി 30 കോടി രൂപ ചെലവ് വരും. കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കകം നടപടികള്‍ ആരംഭിക്കാമെന്നും രണ്ടുമാസത്തിനുള്ളില്‍ ഫ്ലാറ്റുകള്‍ പൊളിക്കാമെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. 
നേരത്തെ, സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ബംഗളൂരുവിലെ 15 പാര്‍പ്പിട സമുച്ചയങ്ങള്‍ അക്വറേറ്റ് ഡിമോളിഷന്‍ കമ്പനി പൊളിച്ചു നീക്കിയിട്ടുണ്ട്. 

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന്  ചീഫ് സെക്രട്ടറി ടോം ജോസിനെ  ഇന്നലെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമലംഘനത്തെ സർക്കാർ പിന്തുണയ്ക്കുകയാണോ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.  ഫ്ളാറ്റിലുള്ളവരെ പുനരധിവസിപ്പിക്കുക പോലും ചെയ്തിട്ടില്ലെന്നും കോടതി രൂക്ഷവിമർശനമുയർത്തിയിരുന്നു.

Read Also: 'നിലപാട് ഞെട്ടിപ്പിക്കുന്നു', മരട് കേസിൽ ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതിയുടെ ശകാരം

കേസില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ സർക്കാരിന് കൃത്യമായ പദ്ധതിയില്ല. മരടിൽ നിയമലംഘനം നടത്തി ഫ്ലാറ്റുകൾ പണിത നിർമ്മാതാക്കൾക്കെതിരെ സർക്കാർ എന്ത് നടപടിയാണ് എടുത്തതെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

Read Also: 'മരടി'ലെ ശകാരം സർക്കാരിനും ഇടത് മുന്നണിക്കും ഇരട്ടപ്രഹരം: മിണ്ടാതെ ചീഫ് സെക്രട്ടറി

അതേസമയം, തീരദേശ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍  സുപ്രീം കോടതിയിൽ സമർപ്പിക്കണമെന്ന് ഫ്ലാറ്റ് ഉടമകളുടെ കൂട്ടായ്മയായ മരട് ഭവനസംരക്ഷണ സമിതി ആവശ്യപ്പെട്ടു. നിരവധി കെട്ടിടങ്ങൾ നിയമം ലംഘിച്ച് നിർമിച്ചതാണ്. മരടിലെ തന്നെ പല കെട്ടിടങ്ങളും നിയമം ലംഘിച്ച് നിർമ്മിച്ചതാണ്. നിയമം എല്ലാവർക്കും ഒരുപോലെ നടപ്പിലാക്കണം. നിയമം ലംഘിച്ച് നിർമാണം നടത്താൻ കൂട്ട് നിന്നത് കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റിയാണ്. തങ്ങളെ പറ്റിച്ച ബിൽഡേഴ്‍സിനെതിരെയും  കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരെയും സർക്കാർ ക്രിമിനൽ കേസെടുക്കണം എന്നും ഫ്ലാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടു. 

Read Also: തീരദേശ നിയമലംഘനങ്ങളുടെ മൊത്തം കണക്ക് നൽകണം: 'മരടി'ൽ സുപ്രീംകോടതി ഉത്തരവ്