ദില്ലി: കേരളത്തിലെ അനധികൃത കയ്യേറ്റങ്ങളെ കുറിച്ച് വിശദീകരണം തേടി സുപ്രീംകോടതി. മേജര്‍ രവി സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയിലാണ് നടപടി. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സംബന്ധിച്ച്  ചീഫ് സെക്രട്ടറി ടോം ജോസിനോട് ആറ് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.  ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് ഉത്തരവ് .

തീരദേശ പരിപാലന നിയമം ലംഘിച്ച് കേരളത്തിൽ നിർമിച്ച മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക കോടതിക്ക് കൈമാറുന്നില്ല എന്ന് വാടിച്ചാണ് മെജർ രവിയുടെ ഹർജി. വിഷയം അതീവ ഗൗരവം ഉള്ളതാണെന്നാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ പ്രതികരണം. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി ഫ്ലാറ്റുകൾ പൊളിച്ച് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട  മരട് പ്രദേശത്ത് തന്നെ 291 നിയമലംഘനങ്ങൾ ഉണ്ടെന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ നൽകിയ സത്യവാംങ്മൂലത്തിൽ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാൽ അതിന്‍റെ വിശദാംശങ്ങൾ നൽകിയിട്ടില്ല. മരടിലിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്ര കേരളത്തിലെ എല്ലാ തീരദ്ദേശ നിയമലംഘനങ്ങളും പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.