ബിയാട്രിസ് എസ്റ്റേറ്റിന്‍റെ 250 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ 2002 ൽ തിരിച്ചുപിടിച്ചത്. അതിനെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

ദില്ലി: നെല്ലിയാമ്പതിയിൽ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ശരിവെച്ച് സുപ്രീംകോടതി. ബിയാട്രിസ് എസ്റ്റേറ്റിന്‍റെ 250 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ 2002 ൽ തിരിച്ചുപിടിച്ചത്. അതിനെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

നെല്ലിയാമ്പതിയിൽ ജോസഫ് ആന്‍റ് കമ്പനിയുടെ കൈവശമുണ്ടായിരുന്ന ബിയാട്രിസ് എസ്റ്റേറ്റിന്‍റെ ഇരുനൂറ്റിനാല്പത്തിയാറര ഏക്കര്‍ ഭൂമി 2002 ലാണ് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്. 1953 ൽ 99 വര്‍ഷത്തേക്കായിരുന്നു ജോസഫ് ആന്‍റ് കമ്പനിക്ക് ഏലം, കാപ്പി തുടങ്ങിയവ കൃഷി ചെയ്യാനായി ഭൂമി പാട്ടത്തിന് നൽകിയത്. എന്നാൽ പാട്ടക്കരാര്‍ ലംഘിച്ച് 1983 ൽ എസ്റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി മറ്റൊരു വ്യക്തിക്ക് വില്പന നടത്തിയതാണ് സര്‍ക്കാര്‍ നടപടിക്ക് കാരണമായത്. 

വാക്സിൻ ഇടവേളയിൽ ഇളവ് നൽകാനാകില്ല; കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

2002 ൽ ഭൂമി തിരിച്ചുപിടിച്ച സര്‍ക്കാര്‍ തീരുമാനം കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹര്‍ജിയിൽ പിന്നീട് സര്‍ക്കാര്‍ തീരുമാനം ഡിവിഷൻ ബെഞ്ച് റദ്ദാക്കി. അതിനെതിരെ സര്‍ക്കാര്‍ നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. കരാര്‍ ലംഘിച്ചാൽ ഭൂമിയേറ്റെടുക്കാൻ സര്‍ക്കാരിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. എസ്റ്റേറ്റ് കൈവശം വെച്ച സമയത്തെ ആദായം എസ്റ്റേറ്റ് ഉടമകൾക്ക് എടുക്കാം. അതിനപ്പുറമുള്ള അവകാശവാദങ്ങൾ അംഗീകരിക്കില്ലെന്നാണ് കോടതി പറയുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona