ദില്ലി: ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രഹ്ന ഫാത്തിമയുടെ ഹര്‍ജി വെള്ളിയാഴ്‍ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സുരക്ഷ ഉറപ്പാക്കാൻ കേരള പൊലീസ് തയ്യാറാകുന്നില്ല. പൊലീസ് സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാൻ നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.ബിന്ദു അമ്മിണിയുടെ ഹര്‍ജിയും വെള്ളിയാഴ്‍ച സുപ്രീംകോടതി പരിഗണിക്കും.

ഈ കേസുകൾ പരിഗണിക്കാൻ തീരുമാനിച്ച ചീഫ് ജസ്റ്റിസ് 2018 ലെ യുവതി പ്രവേശന വിധി അന്തിമവാക്കല്ല എന്ന പരാമര്‍ശം നടത്തിയിരുന്നു. വെളളിയാഴ്ച കേസ് പരിഗണിക്കുമ്പോൾ 2018ലെ വിധി നടപ്പാക്കുന്ന  കാര്യത്തിൽ കൂടുതൽ വ്യക്തത സുപ്രീംകോടതി വരുത്തിയേക്കും.