Asianet News MalayalamAsianet News Malayalam

ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയ കരാറുകളെക്കുറിച്ച് അന്വേഷണം വേണം: കെ.സുരേന്ദ്രൻ

 തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങുന്നില്ല. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങിയാലും സിപിഎം തോൽക്കും എന്നതിനാലാണത്. സിപിഎമ്മിനും മുഖ്യമന്ത്രിയെ വേണ്ടാതായി. 

surendran demands probe into contracts given to ULCC
Author
Palakkad, First Published Nov 30, 2020, 2:21 PM IST

പാലക്കാട്: ഊരാളുങ്കൽ ലേബ‍ർ കോപറേറ്റീവ് സൊസൈറ്റിക്ക് സ‍ർക്കാർ നൽകിയ കരാറുകളിൽ അന്വേഷണം വേണമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത് നിൽക്കുന്ന സ്ഥാപനമാണ് ഊരാളുങ്കൽ ലേബ‍‍ർ സൊസൈറ്റിയെന്നും മുഖ്യമന്ത്രിയുടേയും സിപിഎമ്മിൻ്റേയും മറയായിട്ടാണ് ഊരാളുങ്കൽ ലേബ‍ർ സൊസൈറ്റി പ്രവ‍ർത്തിക്കുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. 

കള്ളപ്പണം ചിലവഴിക്കാനുള്ള വഴിയാണ് ഊരാളുങ്കൽ ലേബ‍ർ സൊസൈറ്റി. ഇവരുമായുള്ള കരാറുകളിൽ വൻ അഴിമതിയാണ് നടക്കുന്നത്. ഊരാളുങ്കലിനെ സർക്കാർ കയറൂരിവിട്ടിരിക്കുകയാണ്. ഊരാളുങ്കൽ സൊസൈറ്റിക്ക് കിട്ടിയ കരാറുകളെക്കുറിച്ച് അന്വേഷണം വേണം - സുരേന്ദ്രൻ പറഞ്ഞു. 

അതേസമയം ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇന്നും പ്രതികരണത്തിന് കെ.സുരേന്ദ്രൻ തയ്യാറായില്ല. ശോഭാ സുരേന്ദ്രൻ്റെ വക്കാലത്ത് മാധ്യമങ്ങൾ എടുക്കണ്ടെന്നും ശോഭയുമായി ബന്ധപ്പെട്ട് വ്യാജവാർത്തയാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. 

കെ.സുരേന്ദ്രൻ വാ‍‍ർത്ത സമ്മേളനത്തിൽ പറഞ്ഞത്... 

പിണറായായുടെ അഴിമതി കൂടുതൽ പുറത്തു വരികയാണ്. മുഖ്യമന്ത്രിയുടെ പങ്കാളിത്തം കൂടുതൽ തെളിഞ്ഞു വരികയാണ്. ഐസക്കും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നത്തിൽ സിപിഎം പിണറായിയെ കൈവിടുകയാണ്. മുഖ്യമന്ത്രി എത്രയും വേഗം രാജിവയ്ക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങുന്നില്ല. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങിയാലും സിപിഎം തോൽക്കും എന്നതിനാലാണത്. സിപിഎമ്മിനും മുഖ്യമന്ത്രിയെ വേണ്ടാതായി. അഴിമതിക്കഥകൾ കൂടുതൽ പുറത്തുവരും മുമ്പ് മുഖ്യമന്ത്രി രാജിവെക്കണം.

കെഎസ്എഫ്ഇയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ധനമന്ത്രി തോമസ് ഐസക്ക് ഇത്രയും ഭയപ്പെടുന്നത് എന്തിനാണ്. കെഎസ്എഫ്ഇ മാത്രമല്ല കെഎഫ്സിയിലും വലിയ അഴിമതിയാണ് നടക്കുന്നത്. ധനവകുപ്പിന് കീഴിലെ പലവകുപ്പുകളിലും തോമസ് ഐസക് തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രവാസി ചിട്ടിയിലെ തട്ടിപ്പിനെക്കുറിച്ചും അന്വേഷിക്കണം.

പിണറായി വിജയന് വട്ടാണെന്നാണ് വിജിലൻസിനെ വിമ‍ർശിച്ചു പറഞ്ഞതിലൂടെ ഐസക്ക് അർത്ഥമാക്കിയത്. ഈ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയും തോമസ് ഐസക്കും അഴിമതിക്കാരാണ്. കിഫ്ബി പണിത സ്കൂളുകൾ തകരാൻ പോകുകയാണ്.
വലിയ അഴിമതിയാണ് നടന്നത്. കള്ളപ്പണം നിക്ഷേപിക്കാനുള്ള മറയാക്കി സഹകരണ ബാങ്കുകളെ പോലെ ഊരാളുങ്കലിനെയും ഈ സ‍ർക്കാ‍ർ മാറ്റി.

ഐസക്കിൻ്റെ വകുപ്പിലെ പല സ്ഥാപനങ്ങളിലും അഴിമതി നടക്കുന്നുണ്ട് കേരള ലോട്ടറിയിലും പലതരം അഴിമതികൾ നടക്കുന്നുണ്ട്. കേരളത്തിൽ എൽഡിഎഫ് - യുഡിഎഫ് ബന്ധം നിലനിൽക്കുന്നുണ്ട്. ഇവിടെ ബിജെപിയുടെ മുഖ്യശത്രു സിപിഎമ്മാണ്. യുഡിഎഫ് കേരളത്തിൽ നി‍ർജീവമാണ്. പലയിടത്തും ഇതിനോടകം യുഡിഎഫ് അപ്രസക്തമായി കഴിഞ്ഞു. പിണറായിയും കോടിയേരിയും പ്രചാരണത്തിന് ഇറങ്ങാത്തത് എന്താണ് മാധ്യമങ്ങൾക്ക് വാർത്തയല്ലാത്തത് ?. 
 

Follow Us:
Download App:
  • android
  • ios