മരിച്ച യുവാവിന്‍റെ മരണാനന്തര ചടങ്ങിലും നിരവധി പേര്‍ എത്തിയിരുന്നു.

മലപ്പുറം: മലപ്പുറം നടുവത്ത് യുവാവിന്‍റെ മരണത്തിന് കാരണം നിപയെന്ന് പ്രാഥമിക പരിശോധന ഫലം വന്നതോടെ യുവാവിന്‍റെ സമ്പർക്ക പട്ടികയിൽ കൂടുതല്‍ പേരുണ്ടാകാമെന്ന സൂചന. നിലവില്‍ യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 151പേരുടെ പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയതെങ്കിലും പട്ടികയിലെ ആളുകളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാം. യുവാവിന്‍റെ മരണാന്തര ചടങ്ങിൽ കൂടുതല്‍ പേരെത്തിയതും സമ്പര്‍ക്ക പട്ടിക ഉയരാൻ കാരണമാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അതുപോലെ പനി ബാധിച്ച് യുവാവ് രണ്ട് സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ തേടിയത്. ഇവിടെയും കൂടുതല്‍ പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ടായേക്കാം.

യുവാവിന്‍റെ മരണം നിപ ബാധിച്ചാണെന്ന പുനെ എൻ ഐ വിയില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം കൂടി വന്നാല്‍ പ്രദേശത്ത് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതിനിടെ, തിരുവാലിയില്‍ പനി ബാധിതരായ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജില്‍ നടത്തിയ പരിശോധനയിലാണ് യുവാവിന് നിപയെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഔദ്യോഗിക സ്ഥിരീകരണത്തിനായി പുനെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ അയച്ചു. ഇവിടെ നിന്നുള്ള പരിശോധനാഫലം കാത്തിരിക്കുകയാണ്. പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവ് ആയതോടെ തിരുവാലിയില്‍ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്ന് പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കി. തിരുവാലി പഞ്ചായത്തില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. 

ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥിയായിരുന്ന 23 കാരൻ 22 നാണ് നടുവത്തെ വീട്ടില്‍ വന്നത്. അഞ്ചാം തീയതിയോടെ പനി ബാധിച്ച് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റിയ യുവാവ് 9ന് തിങ്കളാഴ്ച്ച മരിച്ചു. പരിസരത്തും ആശുപത്രികളിലുമായി യുവാവിന് വലിയ തോതില്‍ സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ മരണാനന്തര ചടങ്ങിലും നിരവധിപേര്‍ പങ്കെടുത്തിട്ടുണ്ട്. അതിനാല്‍ സമ്പര്‍ക്കപട്ടിക ഇനിയും നീളാനാണ് സാധ്യത. രണ്ട് മാസം മുമ്പ് ജൂലൈയിൽ നിപ ബാധിച്ച് പാണ്ടിക്കാട് സ്വദേശിയായ 14 കാരനും മരിച്ചിരുന്നു. 

നിപ സംശയം; പനി ബാധിച്ച 2 പേരെ ആശുപത്രിയിലേക്ക് മാറ്റി; സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയര്‍ന്നു

ദില്ലിയിൽ നാടകീയ നീക്കങ്ങൾ, എഎപി നേതാക്കളുടെ അടിയന്തര യോഗം; കെജ്രിവാള്‍ ഭാവി തീരുമാനിക്കാൻ ജനഹിത പരിശോധന


Asianet News Live | Onam 2024 | Sitaram Yechury | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്