Asianet News MalayalamAsianet News Malayalam

എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് പിണറായി

കര്‍ഷകരുടെ ജീവല്‍പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ജീവല്‍പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

suspension MP's is threaten to democracy, Says Pinarayi Vijayan
Author
Thiruvananthapuram, First Published Sep 21, 2020, 8:03 PM IST

തിരുവനന്തപുരം: കര്‍ഷക ബില്ലിനെതിരെ പ്രതികരിച്ച എംപിമാരെ രാജ്യസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 60000ത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത നാടാണ് ഇന്ത്യയെന്നും 2019ല്‍ മാത്രം 10281 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

കര്‍ഷക ജീവിതം എക്കാലത്തേക്കും ദുരിതത്തില്‍ മുക്കാനുള്ള നിയമ നിര്‍മ്മാണമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കര്‍ഷകരെ കോര്‍പറേറ്റ് ഫാമിങ്ങിന്റെ അടിമകളാക്കുന്നത് നാടിനെ നാശത്തിലേക്കാണ് നയിക്കുക.

പ്രതിഷേധങ്ങളെ പാര്‍ലമെന്റില്‍ പോലും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ സകല മൂല്യങ്ങളേയും നിഷേധിക്കുന്ന പ്രവണതയാണ്.   കര്‍ഷകര്‍ക്കൊപ്പം രാജ്യം മുഴുവന്‍ ചേരേണ്ടതുണ്ട്. കര്‍ഷകരുടെ ജീവല്‍പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ജീവല്‍പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കര്‍ഷക ജീവിതം തകര്‍ക്കുന്ന കാര്‍ഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപി മാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണ്. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ 60000 ല്‍ അധികം കര്‍ഷക ആത്മഹത്യചെയ്ത രാജ്യമാണ് നമ്മുടേത്. 2019-ല്‍ മാത്രം10281 കര്‍ഷകരാണ് ആത്മത്യ ചെയ്തത്. കര്‍ഷക ജീവിതം എക്കാലത്തേക്കും ദുരിതത്തില്‍ മുക്കാനുള്ള നിയമ നിര്‍മ്മാണമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. 

ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കര്‍ഷകരെ കോര്‍പറേറ്റ് ഫാമിങ്ങിന്റെ അടിമകളാക്കുന്നത് നാടിനെ അപരിഹാര്യമായ നാശത്തിലേക്കാണ് നയിക്കുക. ഈ അനീതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പാര്‍ലമെന്റില്‍ പോലും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ സകല മൂല്യങ്ങളേയും നിഷേധിക്കുന്ന പ്രവണതയാണ്.   കര്‍ഷകര്‍ക്കൊപ്പം രാജ്യം മുഴുവന്‍ ചേരേണ്ടതുണ്ട്. കര്‍ഷകരുടെ ജീവല്‍പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ജീവല്‍പ്രശ്‌നമാണ്.

Follow Us:
Download App:
  • android
  • ios