തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി സരിത് നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകി. സ്വർണ്ണം ആരാണ് അയക്കുന്നത്, ആർക്കാണ് നൽകുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി അറിയുന്നത് സ്വപ്നയ്ക്കാണെന്നാണ് മൊഴി.

ചേച്ചിയെന്നും മാഡമെന്നുമാണ് സരിത്, സ്വപ്‌നയെ സംബോധന ചെയ്തത്. ഇടപാടുകാരനായ റമീസിനെ കുറിച്ച് മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും സരിത് അന്വേഷണ സംഘത്തിനോട് പറഞ്ഞു.

കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാർപ്പിക്കുക. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻഐഎ ഹർജി സമർപ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ അടുത്ത ദിവസം പ്രതികളെ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി. സ്വര്‍ണ്ണക്കടത്തില്‍ ഉന്നതര്‍ക്കുള്ള പങ്കടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ ഇരുവരിലും നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. 

തിരുവല്ലത്തുള്ള സരിത്തിന്റെ വീട്ടിൽ എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തി. പ്രാഥമിക വിവര ശേഖരണമാണ് ഉദ്യോഗസ്ഥർ നടത്തിയത്. അയൽവാസികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇയാളുടെ വീട്ടിൽ എൻഐഎ നിരീക്ഷണം ഏർപ്പെടുത്തി. റമീസിന്റെ പെരിന്തൽമണ്ണയിലെ വെട്ടത്തൂരിലെ വീട്ടിൽ കസ്റ്റംസും പരിശോധന നടത്തി. പെരിന്തൽമണ്ണ എഎസ്‌പി എം ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം എത്തിയിരുന്നു.