തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് യുഎഇ എംബസിയുടെ ഗുഡ് സർട്ടിഫിക്കറ്റ്. യുഎഇ കോൺസുലേറ്റിൽ നിന്നും സാമ്പത്തിക കുറ്റത്തിന് പുറത്താക്കപ്പെട്ട സ്വപ്ന അവിടുത്തെ ഗുഡ് സര്‍ട്ടിഫിക്കറ്റുമായാണ് ഐടി വകുപ്പിന് കീഴില്‍ ജോലി നേടിയത്. സ്വപ്ന മികച്ച ഉദ്യോഗസ്ഥയെന്നാണ് എംബസിയുടെ സർട്ടിഫിക്കറ്റ്. ഐടി വകുപ്പിൽ ജോലിക്കായി സ്വപ്ന സമര്‍പ്പിച്ച രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

2016 ഒക്ടോബര്‍ മുതല്‍ 2019 ഓഗസ്റ്റ് വരെ ഇവര്‍ ജോലി ചെയ്തിരുന്നുവെന്നും മികച്ച ഉദ്യോഗസ്ഥയാണെന്നുമാണ് സര്‍ട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നത്. പിരിച്ചുവിട്ട ഒരു ഉദ്യോഗസ്ഥയ്ക്ക് എങ്ങനെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നതാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. അതേ സമയം സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്. അന്വേഷണ ഏജന്‍സികളും ഇക്കാര്യം പരിശോധിക്കാനുള്ള ശ്രമം ആരംഭിച്ചു. 

സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് സൂചന, അന്വേഷണം ഊർജ്ജിതം

രാജ്യം തന്നെ ശ്രദ്ധിക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന ഇപ്പോഴും ഒളിവിലാണ്.  പല സ്ഥലത്തും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കുറിച്ചുള്ള സൂചകൾ കിട്ടിയില്ല. തിരുവനന്തപുരത്തെ സ്വപ്നയുടെ ഫ്ലാറ്റിൽ രണ്ടാം ദിവസവും പരിശോധന നടത്തി.

ശാന്തിഗിരി ആശ്രമത്തിൽ സ്വപ്നയുണ്ടെന്ന ചില പ്രചാരണങ്ങളെ തുടർന്ന് ആശ്രമത്തിലും പരിശോധിച്ചു. തലസ്ഥാനത്ത് തന്നെ സ്വപ്ന ഉണ്ടെന്നാണ് കസ്റ്റംസിനുള്ള വിവരം. അതിനിടെയാണ് സ്വപ്ന മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നേരത്തെ തിരുവനന്തപുുരം വിമാനത്താവളം വഴി സ്വർണ്ണ കടത്തിയ കേസിലെ പ്രതിയായ അഭിഭാഷൻകൻ മുഖേനെയാണ് നീക്കമെന്നാണ് അറിയുന്നത്. സ്വപ്നയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നുണ്ട്. സ്വപ്നയെ കണ്ടെത്തിയാൽ മാത്രമേ സ്വർണ്ണം കടത്തിയത് ആർക്ക് വേണ്ടിയാണ് എന്നതടക്കമുളള കൃത്യമായ വിവരങ്ങൾ അറിയാ ൻ കഴിയൂ.