എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട നിലപാടാണിതെന്നും കമ്മീഷൻ അംഗങ്ങളായ മാർ റെമിജിയോസ് ഇഞ്ചനാനിയിലും മാർ ജോസ് പുളിക്കലും അഭിപ്രായപ്പെട്ടു. മാർ ജോസഫ് കല്ലറങ്ങാട്ടാണ് കമ്മീഷൻ ചെയർമാൻ. 

കൊച്ചി: കുടുംബവർഷാചരണത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ കാലത്തിന്റെ സ്പന്ദനങ്ങൾക്കനുസരിച്ചുള്ള നല്ല ഇടയന്റെ പ്രതികരണമെന്ന് സീറോമലബാർ സിനഡൽ കമ്മീഷൻ. എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട നിലപാടാണിതെന്നും കമ്മീഷൻ അംഗങ്ങളായ മാർ റെമിജിയോസ് ഇഞ്ചനാനിയിലും മാർ ജോസ് പുളിക്കലും അഭിപ്രായപ്പെട്ടു. മാർ ജോസഫ് കല്ലറങ്ങാട്ടാണ് കമ്മീഷൻ ചെയർമാൻ.

മനുഷ്യ ജീവന്റെ അളക്കാനാവാത്ത വില തിരിച്ചറിയുന്ന സമൂഹമാണ് യഥാർഥ സംസ്‌കൃത സമൂഹമെന്ന കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണു തന്റെ പ്രഖ്യാപനമെന്നു മാർ കല്ലറങ്ങാട്ട് അസന്നിഗ്ദ്ധമായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ നിലപാടിന് പിന്നിൽ സിനഡൽ കമ്മീഷൻ ഉറച്ചുനിൽക്കുകയും അതിനെ ശക്തമായി പിന്തുണക്കുകയും ചെയ്യുന്നു. പാലാ രൂപതയിൽ പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമപദ്ധതികൾക്ക് സമാനമായ പദ്ധതികൾ സീറോമലബാർ സഭയിലെ എല്ലാ രൂപതകളും ആവിഷ്‌ക്കരിക്കുന്ന പ്രോലൈഫ് നയമാണ് സഭയ്ക്കുള്ളത്.

മനുഷ്യസമൂഹത്തിന്റെ സുസ്ഥിതിക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള അതുല്യ വ്യവസ്ഥിതിയാണ് കുടുംബം. വിവാഹം, കുടുംബം, കുഞ്ഞുങ്ങൾ എന്നിവയുടെ നിലനിൽപിനു ഭീഷണിയാകുന്ന നിലപാടുകൾ സാമൂഹിക വ്യവസ്ഥിതിയെ തകർക്കും. ഇത്തരം കാര്യങ്ങളിൽ പ്രതിലോമ ചിന്താഗതികൾ അടിച്ചേൽപ്പിക്കാൻ ചില മാധ്യമങ്ങളും ഏതാനും കലാകാരൻമാരും ശ്രമിക്കുന്നതു നിർഭാഗ്യകരമാണ്. അനിയന്ത്രിതമായി കുഞ്ഞുങ്ങളെ ജനിപ്പിക്കാനല്ല, ഉത്തരവാദിത്തപരമായ മാതൃത്വത്തെയും പിതൃത്വത്തെയും പറ്റിയാണ് സഭ ദമ്പതികളെ ഓർമിപ്പിക്കുന്നത്. ജനസംഖ്യാപരമായ ശൂന്യതയിലേക്ക് ആണ്ടുപോകുന്ന സമൂഹങ്ങളെപ്പറ്റി സഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും നാടായ ഭാരതത്തിൽ പൊതുസമൂഹത്തിനും യഥാർത്ഥത്തിൽ ഉൽകണ്ഠ ഉണ്ടാകേണ്ടതാണ്.

വലിയ കുടുംബങ്ങൾക്കു നൽകുന്ന ശ്രദ്ധ, നൽകപ്പെട്ട ജീവനെ സംരക്ഷിക്കാനുള്ള കരുതലായിട്ടാണ് നാം കാണേണ്ടത്. സാമ്പത്തിക പരാധീനതയുടെയും മറ്റു ബുദ്ധിമുട്ടുകളുടെയും പേരിൽ ജീവനെ നശിപ്പിക്കാനുള്ള ചിന്തകൾ ഉണ്ടാകാതിരിക്കാനാണ് ജീവന്റെ മൂല്യത്തെപ്പറ്റി ഉത്തമ ബോധ്യമുള്ള സഭ കൂടുതൽ കുഞ്ഞുങ്ങൾ ഉള്ള കുടുംബങ്ങൾക്ക് കൈത്താങ്ങാവുന്നത്. പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് മിശിഹായുടെ നിയമം പൂർത്തിയാക്കാനുള്ള ദൗത്യത്തിലാണ് സഭ പങ്കു ചേരുന്നതെന്നും സിനഡൽ കമ്മീഷൻ അഭിപ്രായപ്പെട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona