Asianet News MalayalamAsianet News Malayalam

Holy mass: സിറോ മലബാർ സഭയിൽ പുതുക്കിയ ആരാധനാക്രമം നിലവിൽ വന്നു; പഴയ രീതി തുടരുമെന്ന് അങ്കമാലി അതിരൂപത, ഭിന്നത

സഭയിലെ അനൈക്യം കുർബാന ക്രമത്തിലുള്ള വ്യത്യാസം മൂലമെന്ന് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സഭ നമുക്ക് നൽകിയത് സ്വീകരിക്കുകയാണ് വേണ്ടതെന്നും ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

 

syro malabar church new style of holy mass starts
Author
Kochi, First Published Nov 28, 2021, 9:18 AM IST

കൊച്ചി: വിവിധ അതിരൂപതകളിലെ പ്രതിഷേധങ്ങൾക്കിടെ സിറോ മലബാർ സഭയിൽ (syro malabar) പുതുക്കിയ ആരാധനാക്രമം നിലവിൽ വന്നു. തൃശ്ശൂർ അതിരൂപതയിൽ പുതിയ രീതിയിൽ കുർബാന തുടങ്ങി. കുർബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായുമാണ് കുർബാന അർപ്പിക്കേണ്ടത്. എന്നാൽ, പഴയ രീതി തന്നെ തുടരുമെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ നിലപാട്. അതേസമയം, പരിഷ്കരിച്ച കുർബാനയുമായി മുന്നോട്ട് പോകുമെന്നാണ് കർദിനാളിന്റെ തീരുമാനം.

എറണാകുളം അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയിൽ പുതിയ ബലിയർപ്പണ രീതി നടപ്പാക്കുമെന്ന് വികാരി അറിയിച്ചു. പുതിയ കുർബാന ക്രമം നടപ്പാക്കണം എന്ന മേജർ ആർച്ച് ബിഷപ്പിന്റ സർക്കുലർ പള്ളിയിൽ വായിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രസന്നപുരം ഹോളി ഫാമിലി ദേവാലയത്തിലും പരിഷ്കരിച്ച കുർബാനയാണ് അർപ്പിക്കുന്നത്. ഫാദർ സെലസ്റ്റിൻ ഇഞ്ചക്കൾ ആണ് പരിഷ്കരിച്ച കുർബാന നടത്തുന്നത്.

അതേസമയം, സഭയിലെ അനൈക്യം കുർബാന ക്രമത്തിലുള്ള വ്യത്യാസം മൂലമെന്ന് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. സിനഡ് തീരുമാനം ഐക്യത്തിന് വേണ്ടിയാണ്. സഭ പല തവണ പീഡിപ്പിക്കപ്പെട്ടു. പലർക്കും പല അഭിപ്രായങ്ങളുണ്ട്. അതെല്ലാം അവരുടെ മാത്രം അഭിപ്രായങ്ങളാണ്. സഭ നമുക്ക് നൽകിയത് സ്വീകരിക്കുകയാണ് വേണ്ടതെന്നും ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

എന്താണ് നിലവിലെ കുർബാന ഏകീകരണ തർക്കം

1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് ഈ വർഷം ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത,തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.

എതിർക്കുന്നവരുടെ വാദങ്ങൾ

1.അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുത്.

2.അഭിപ്രായഐക്യം ഉണ്ടാകും വരെ സിനഡ് തീരുമാനം നടപ്പാക്കരുത്

3.കുർബാന രീതി മാറ്റാൻ മാർപ്പാപ്പയെ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയമുണ്ട്

4.നവംബർ 28ന് തന്നെ സാധ്യമായ ഇടങ്ങളിൽ പുതിയ രീതി നടപ്പാക്കണം എന്ന് പറയുന്നത് ദുരുദ്ദേശപരമാണ്.

ഒരു വിഭാഗം പ്രതിഷേധം തുടരുന്നുണ്ടെങ്കിലും പരിഷ്കരിച്ച കുർബാനയുമായി മുന്നോട്ട് പോകുമെന്നാണ് കർദ്ദിനാൾ ആലഞ്ചേരിയുടെ നിലപാട്. നേരെത്തെ എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് കത്തിഡ്രലിൽ പരിഷ്കരിച്ച കുർബാന നടത്തും എന്നായിരുന്നു അറിയിച്ചതെങ്കിലും ബിഷപ്പ് സർക്കുലർ ഇറക്കിയ സാഹചര്യത്തിൽ സഭ ആസ്ഥാനത്ത് തന്നെ പരിഷ്കാരിച്ച കുർബാന നടത്താനാണ്  കർദ്ദിനാലിന്റെ തീരുമാനം. കുർബാന അനുഷ്ഠിക്കുന്ന രീതികൾ മാറുന്നതിൽ സഭയിൽ ഐക്യം ആയില്ലെങ്കിലും ടെക്സ്റ്റ് ഏകീകരണം ഇന്ന് മുതൽ നിലവിൽ വരും.

വിശ്വാസികൾക്ക് തത്സമയം കാണാനായി യൂട്യൂബ് ചാനലിലൂടെ കുർബാന പ്രക്ഷേപണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ നിന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ പത്ത് മുതൽ വിശുദ്ധ കു‍ർബാന: തത്സമയം

Follow Us:
Download App:
  • android
  • ios