കൊച്ചി: സിറോ മലബാർ സഭയിലെ ആരാധനക്രമം പരിഷ്കരിക്കാൻ സിനഡിൽ തീരുമാനം. പരിഷ്കരിച്ച ആരാധന ക്രമം മാർപ്പാപ്പയുടെ പരിഗണനയ്ക്ക് വിട്ടു. കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ആയി ബിഷപ്പ് ജോസ് പുളിക്കലിനെയും പാലക്കാട്‌ രൂപത സഹായ മെത്രാൻ ആയി പീറ്റർ കൊച്ചുപുരക്കലിനെയും സിനഡ് നിയമിച്ചു.

പരിഷ്കരിച്ച ആരാധന ക്രമത്തിന് സിറോ മലബാർ സഭ സിനഡ് അംഗീകാരം നൽകി. മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചാൽ പരിഷ്കരിച്ച ആരാധന ക്രമം സഭയിൽ നിലവിൽ വരും. പുതിയ ആരാധനാ ക്രമം നിലവിൽ വന്നാൽ കുർബാനയുടെ ദൈർഘ്യം കുറയും. അൾത്താരയ്ക്ക് അഭിമുഖമായി കുർബാന നടത്തണമെന്ന 99 ലെ സിനഡ് നിർദ്ദേശം നിലനിൽക്കുമെന്ന് സിനഡ് അറിയിച്ചു.

ജനാഭിമുഖ കുർബാന മാറ്റി വൈദികർ അൾത്താരയെ അഭിമുഖീകരിച്ചുള്ള കുർബാന രീതി തിരക്കിട്ട് നടപ്പാക്കാൻ രൂപതകളോട് ആവശ്യപ്പെടില്ല. കാലക്രമേണ സിനഡ് അംഗീകരിച്ച രീതി എല്ലാ രൂപതകളും പ്രാബല്യത്തിൽ വരുത്തണമെന്നും സിനഡ് നിർദ്ദേശിച്ചു. എറണാകുളം അങ്കമാലി അതിരൂപത ഉൾപ്പെടെയുള്ള ചില രൂപതകൾ അൾത്താര അഭിമുഖ കുർബാനയ്ക്കെതിരാണ്.

അതേസമയം, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ നടത്തുന്ന പദ്ധതികളിൽ ക്രൈസ്തവർ വിവേചനം നേരിടുന്നതായി സിനഡ് വിലയിരുത്തി. ഒരു മത വിഭാഗത്തിനായി സർക്കാർ ഫണ്ടുകളുടെ 80 ശതമാനം നീക്കിവെയ്ക്കുന്നത് അംഗീകരിക്കാനാകില്ല. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ ആശങ്ക ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം എന്നും സിനഡ് ആവശ്യപ്പെട്ടു. 

കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ആയി ബിഷപ്പ് ജോസ് പുളിക്കളിനെയും പാലക്കാട്‌ രൂപത സഹായ മെത്രാൻ ആയി പീറ്റർ കൊച്ചുപുരക്കലിനെയും സിനഡ് നിയമിച്ചു. ബിഷപ്പ് മാത്യു അറയ്ക്കൽ വിരമിക്കുന്നതിനാലാണ് കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് പുതിയ അധ്യക്ഷനെ നിയമിച്ചത്. നിലവിൽ സഹായമെത്രാനാണ് മാർ ജോസ് പുളിക്കൽ. പാലക്കാട് രൂപതയുടെ പ്രഥമ സഹായമെത്രനാണ് ബിഷപ്പ് പീറ്റർ കൊച്ചുപുരക്കൽ.