കണ്ണൂ‌‌‌‌ർ: കണ്ണൂർ കോർപ്പറേഷൻ മേയറായി യുഡിഎഫ് ടി ഒ മോഹനനെ തെരഞ്ഞെടുത്തു.  കഴിഞ്ഞ തവണ കോർപ്പറേഷനിലെ കക്ഷി നേതാവായിരുന്നു ടി ഒ മോഹനൻ.  യുഡിഎഫിന് ഭരണം കിട്ടിയ ഒരേയൊരു കോർപ്പറേഷനായ കണ്ണൂരിൽ കൗൺസിലർമാരുടെ യോഗം വിളിച്ച് വോട്ടെടുപ്പ് നടത്തിയാണ് മേയറെ തെരഞ്ഞെടുത്തത്. ഉൾപാർട്ടിപ്പോര് രൂക്ഷമായ കണ്ണൂരിൽ മൂന്ന് പേർ മേയർ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചതോടെയാണ് വോട്ടെടുപ്പ് നടത്തേണ്ടി വന്നത്. 

കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, മുൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് എന്നിവരെ പിന്തള്ളിയാണ് ടി ഒ മോഹനൻ മേയർ സ്ഥാനം ഉറപ്പിച്ചത്. മാർട്ടിൻ ജോർജ്ജ് അവസാനഘട്ടത്തിൽ പിൻവാങ്ങിയതോടെയാണ് ടി ഒ മോഹനൻ തെര‌ഞ്ഞെടുക്കപ്പെട്ടതെന്നാണ് വിവരം. രഹസ്യബാലറ്റ് വഴിയായിരുന്നു തെരഞ്ഞെടുപ്പ്. മോഹനന് 11 അംഗങ്ങളുടെ പിന്തുണ കിട്ടിയപ്പോൾ പി കെ രാഗേഷിന് കിട്ടിയത് 9 പേരുടെ വോട്ടാണ്. 

മാ‍ർട്ടിൻ ജോർജ്ജിനായിരുന്നു എറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. കെ സുധാകരനുമായുള്ള അടുപ്പവും കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ മാർട്ടിൻ പിന്മാറിയതോടെയാണ് കണക്കിൽ മൂന്നാമനായി മാത്രം കണക്കാക്കിയിരുന്നു ടി ഒ മോഹനന് അവസരമൊരുങ്ങിയത്. കണ്ണൂർ കോർപ്പറേഷനിൽ സുപരിചിതനായ നേതാവണ് അഭിഭാഷകൻ കൂടിയായ മോഹനൻ.