യുവ നേതാക്കളിലെ സീനിയോറിറ്റിയും വയനാട്ടിലും കോഴിക്കോടുമുള്ള ബന്ധങ്ങളും ടി സിദ്ധിഖിനെ മന്ത്രിസ്ഥാനത്ത് എത്തിച്ചു.  

യുവ നേതാക്കളില്‍ വച്ച് സംഘടന രംഗത്തെ സീനിയോറിറ്റിയും വയനാട്ടിലും കോഴിക്കോടും ഒരു പോലെ ബന്ധങ്ങളുള്ളതുമാണ് ടി സിദ്ധിഖിനെ മന്ത്രിസ്ഥാനത്ത് എത്തിച്ചത്. സാമുദായിക ഘടകങ്ങള്‍ പരിഗണിച്ചിരിക്കുന്നതിനാല്‍ അവസാന നിമിഷം വരെ ടി സിദ്ദിഖ് മന്ത്രിസഭയില്‍ ഉണ്ടാകുമോയെന്നതില്‍ ആകാംഷ നിലനിന്നിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഠ‌ിനാധ്വാനിയായ രാഷ്ട്രീയക്കാരനാണ് ടി സിദ്ധിഖ്. ചുമതല നല്‍കിയില്‍ നൂറ് ശതമാനം ആത്മാർത്ഥയോടെ പ്രവർത്തിക്കുമെന്ന് എതിർപാർട്ടിക്കാർ പോലും രഹസ്യമായി സമ്മതിക്കും. സിദ്ധിഖ് അധ്വാനം കുറച്ച് ആരോഗ്യം കൂടി നോക്കണമെന്ന് ഒരിക്കക്കല്‍ പ്രിയങ്കഗാന്ധി എംപി പോലും പരസ്യമായി പറഞ്ഞിട്ടുണ്ട്. അധ്വാനത്തെ കുറിച്ച് പറഞ്ഞാല്‍ ടി സിദ്ധിഖ് തന്‍റെ രാഷ്ട്രീയ ഗുരുവായ ഉമ്മൻചാണ്ടിയെ ചൂണ്ടിക്കാണിക്കും.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്നപ്പോഴും കോഴിക്കോട് ഡിസിസി പ്രസിഡന്‍റായിരുന്നപ്പോഴും കെപിസിസിയിലെ പദവികളിലും സിദ്ധിഖ് സംഘാടനത്തിന്‍റെ കഴിവ് തെളിയിച്ചു. കോഴിക്കോട് നിന്ന് വയനാട്ടില്‍ എത്തിയപ്പോള്‍ എതിർപ്പുകളെയെല്ലാം മറികടന്നാണ് അയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കല്‍പ്പറ്റ മണ്ഡലം എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്. പിന്നെ പ്രവർ‍ത്തനം കൊണ്ട് വയനാട്ടുകാരനായി.

ചൂരല്‍മല ദുരന്തത്തില്‍ സിദ്ധിഖിനോളം അധ്വാനിച്ച നേതാവ് വേറെയുണ്ടാകില്ല. അത് ജനങ്ങളും തിരിച്ചറിഞ്ഞതുകൊണ്ടാണ് വ്യക്തിപരമായി ആക്രമണം നേരിട്ട തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 50000ത്തിൽ നിന്ന് 45000 വൻ വിജയം നല്‍കിയത്.

കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ് കോളേജില്‍ നിന്ന് കെഎസ്‍യു യൂണിറ്റ് പ്രസിഡന്‍റായാണ് ടി സിദ്ധിഖ് രാഷ്ട്രീയ പ്രവർത്തനത്തില്‍ സജീവമാകുന്നത്. പിന്നീടങ്ങോട് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. സംസ്ഥാന തലത്തിലും കോണ്‍ഗ്രസിലെ ചുമതലകള്‍ കിട്ടി. കേരളത്തിലെ പാർട്ടിയില്‍ യുഡിഎഫ് കണ്‍വീനറും, കെപിസിസി പ്രസിഡന്‍റും ഒഴികെയുള്ള എല്ലാ പദവികളും ടി സിദ്ധിഖ് വഹിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. പലപ്പോഴും കൈയ്യകലത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയങ്ങള്‍ വഴുതിപോയില്ലായിരുന്നുവെങ്കില്‍ ടി സിദ്ധിഖിന് എപ്പോഴോ മന്ത്രിസ്ഥാനം ലഭിക്കുമായിരുന്നു. എങ്കിലും മിന്നുന്ന വിജയത്തോടെയാണ് ആദ്യമായി ടി സിദ്ധിഖ് മന്ത്രി സ്ഥാനത്ത് എത്തുന്നത്.

കോഴിക്കോടും വയനാട് ജില്ലകളിലുള്ള സ്വീകാര്യത കൂടി മന്ത്രി സ്ഥാനത്തില്‍ പാർട്ടി കണക്കിലെടുത്തു. കെസി വേണുഗോപാലിന്‍റെയും കേന്ദ്ര നേതൃത്വത്തിന്‍റെയും പിന്തുണ കൂടി ലഭിച്ചതോടെ ആകാംഷ നിറഞ്ഞ കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ സിദ്ധിഖ് മന്ത്രിസ്ഥാനം ഉറപ്പിക്കുകയായിരുന്നു.