മനുഷ്യനൊപ്പം കൃഷിയിടങ്ങളിൽ അധ്വാനിച്ച മൃഗങ്ങളിലും ദൈവചൈതന്യം കാണുന്ന ദ്രാവിഡാചാരമാണ് മാട്ടുപ്പൊങ്കൽ..
ചെന്നൈ: തമിഴകം ഇന്ന് മാട്ടുപ്പൊങ്കൽ ആഘോഷിക്കുകയാണ്. ബോകിപ്പൊങ്കലും തൈപ്പൊങ്കലും കഴിഞ്ഞ് മൂന്നാം ദിവസമാണ് കൃഷിയിടത്തിൽ വർഷം മുഴുവൻ സഹായിച്ച മാടുകളുടെ ആരോഗ്യത്തിനും ദീർഘായുസിനുമായി മാട്ടുപ്പൊങ്കൽ ആഘോഷം. പ്രകൃതിയും കൃഷിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും ആഘോഷമാണിത്.
വിളവെടുപ്പുത്സവങ്ങളുടെ ആത്മാവ് കാണാൻ ഗ്രാമങ്ങളിലേക്ക് പോകണം. മാട്ടുപ്പൊങ്കൽ ശരിക്കും തമിഴ്ഗ്രാമങ്ങളുടെ ഉത്സവമാണ്. കൊവിഡ് രോഗവ്യാപനത്തിന്‍റെ ആശങ്കകൾക്കിടയിലും ഗ്രാമങ്ങളിൽ കാർഷികോത്സവത്തിന്‍റെ കൃത്രിമം കലരാത്ത നിറപ്പകിട്ട് കാണാം. പൊങ്കൽക്കോലങ്ങളുടെ വർണച്ചാർത്തുകളാണ്. കുത്താലത്തിനടുത്തുള്ള വനാതിപുരം ഗോശാല.
മനുഷ്യനൊപ്പം കൃഷിയിടങ്ങളിൽ അധ്വാനിച്ച മൃഗങ്ങളിലും ദൈവചൈതന്യം കാണുന്ന ദ്രാവിഡാചാരമാണ് മാട്ടുപ്പൊങ്കൽ.. മാടുകളെ കുളിപ്പിച്ച് വർണങ്ങൾ ചാർത്തി ആരതിയുഴിഞ്ഞ് നെറ്റിമാലകളും കാപ്പുകളും അണിയിക്കും, സുഭിക്ഷമായി ഊട്ടും. തമിഴകത്തിന്‍റെ വീരവിളയാട്ടമായ ജല്ലിക്കട്ടും മാട്ടുപ്പൊങ്കലിന്‍റെ ഭാഗമാണ്.
മാടുകളെ ജല്ലിക്കട്ടിനായി ഒരുക്കുന്നതും കാഴ്ചയാണ്. ചുരകുത്തുന്ന ഊർജ്ജവുമായി വീരവിളയാട്ടത്തിനിറക്കാൻ ഒരുക്കി നിർത്തിയിരിക്കുകയാണ് ഈ കാളക്കൂറ്റനെ. ലക്ഷങ്ങൾ ചെലവിട്ടാണ് ഇവയെ മത്സരത്തിനൊരുക്കുന്നത്. ഇത്തരം അയ്യായിരവും ആറായിരവും കാളക്കൂറ്റൻമാർ വരെ കാണും വലിയ മത്സരങ്ങൾക്ക്.
ചെറുതും വലുതുമായ ഏറെ ജല്ലിക്കട്ടുകളുണ്ടെങ്കിലും ആവണീയപുരം പാലമേട് അളങ്കനല്ലൂർ ജല്ലിക്കട്ടുകളാണ് ഏറ്റവും കേൾവികേട്ടത്. ചിലത് കഴിഞ്ഞു, ചിലത് തുടരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ കാരണം പതിവ് ഗരിമ ഇത്തവള ജല്ലിക്കട്ടുകൾക്കില്ല, ആൾക്കൂട്ടത്തെയൊന്നും അത്ര നിയന്ത്രിക്കാനായില്ലെങ്കിലും സമയത്തിലും കാളകളുടെ എണ്ണത്തിലുമെല്ലാം നിയന്ത്രണങ്ങളുണ്ട്.
പതിവുപോലെ നിരവധിപ്പേർക്ക് ഇത്തവണയും പരിക്കുപറ്റി. കാലികളെ ആരാധിക്കുന്ന ഉത്സവത്തിൽ തന്നെ കാലികൾക്ക് മത്സരയോട്ടത്തിൽ പീഡകളും ഏൽക്കാറുണ്ടെന്നത് വേറൊരു വിരോധാഭാസം. മൃഗങ്ങളോടുള്ള ക്രൂരത തടയാനടക്കമുള്ള നടത്തിപ്പ് നിർദേശങ്ങൾ തയ്യാറാക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് ഇക്കുറിയും നിർദേശമുണ്ടായിരുന്നു. ചിലതൊക്കെ പാലിക്കും, ചിലതൊക്കെ പാഴ്വാക്കാകും.
ഏതായാലും മാട്ടുപ്പൊങ്കലിൽ മനുഷ്യരും മൃഗവും തമ്മിലുള്ള കാർഷിക സംസ്കാരത്തിന്‍റെ പ്രാചീനമായ ഒരു പാരസ്പര്യമുണ്ട്. മുറിവേറ്റുമേൽപ്പിച്ചും പൊറുത്തും, ആരാധിച്ചും അനുഗ്രഹിച്ചുമെല്ലാം സഹവർത്തിക്കുന്ന ദ്രാവിഡ ജീവിതത്തിന്‍റെ ആദിമമായൊരു താളവും ജീവനുമുണ്ട്. മഹാമാരിക്കാലത്തും അത് നിറം മങ്ങാതെ തുടരുന്നു.. ഗ്രാമങ്ങളിലെങ്കിലും..
