Asianet News MalayalamAsianet News Malayalam

കണ്ണീരായി തണ്ണീർ! വെള്ളം കിട്ടാതെ 15മണിക്കൂർ,മരണ കാരണം എന്ത്? കർണാടക വനമേഖലയിൽ ഒരു മാസത്തിനിടെ ചരിഞ്ഞത് 3 ആനകൾ

അതേസമയം, പരിശോധനകള്‍ക്കായി വയനാട്ടിലെ ഡിഎഫ്ഒമാര്‍ രാമപുര ക്യാമ്പിലേക്ക് പുറപ്പെട്ടു. എലഫന്‍റ് സ്ക്വാഡിലെ കോര്‍ ടീം കൂടി ക്യാമ്പില്‍ തുടരും. കേരള-കര്‍ണാടക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും തുടര്‍ നടപടികള്‍

Tanneer komban death, reason unknown, Wildlife activists protests, 3 elephants killed in Karnataka forest area in one month
Author
First Published Feb 3, 2024, 9:40 AM IST

ബെംഗളൂരു:മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ എന്ന കാട്ടാന ചരിഞ്ഞതില്‍ പ്രതിഷേധവുമായി കര്‍ണാടകയിലെ വന്യജീവി പ്രവര്‍ത്തകര്‍. വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇതിനിടെ, കാട്ടാനയുടെ മരണകാരണത്തില്‍ അവ്യക്തത തുടരുകയാണ്. എന്താണ് മരണകാരണം എന്ന് പോസ്റ്റ്മോര്‍ട്ടത്തിലൂടെയെ വ്യക്തമാകുകയുള്ളുവെങ്കിലും 20 ദിവസത്തിനിടെ രണ്ടു തവണ മയക്കുവെടി ഏറ്റത് ഉള്‍പ്പെടെ ആനയെ ബാധിച്ചിരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ദൗത്യത്തിനിടെ ആന പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും ബാഹ്യമായ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് വനംവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്.

നിർജലീകരണം ആനയുടെ സ്ഥിതി മോശമാകാൻ കാരണമായിട്ടുണ്ടാകാം എന്നും വെറ്ററിനറി മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നുണ്ട്. മാനന്തവാടിയിലെത്തിയ ആന ഇന്നലെ രാവിലെയാണ് പുഴയില്‍ ഇറങ്ങിയത്. അതിനുശേഷം ആന ജലസ്രോതസ്സുകള്‍ ഇല്ലാത്ത സ്ഥലത്താണ് അന തുടര്‍ന്നത്.15 മണിക്കൂറോളമാണ് മതിയായ വെള്ളം കിട്ടാതെ ആന നിന്നത്. മയക്കുവെടി കൊണ്ടാല്‍ കൂടുതല്‍ നിര്‍ജലീകരണം സംഭവിക്കാനുള്ള സാധ്യതയമുണ്ട്. ഇലക്ട്രൊലൈറ്റ് അളവ് കുറയാമെന്നും ഇത് ഹൃദയാഘാതം ഉണ്ടാക്കാമെന്നും തുടർച്ചയായി മണ്ണ് വാരി എറിഞ്ഞത് സൂചനയാണെന്നും വന്യജീവി വിദഗ്ധര്‍ പറയുന്നു. എന്തായാലും പോസ്റ്റ്  മോര്‍ട്ടം റിപ്പോര്‍ട്ടിനുശേഷമായിരിക്കും മരണകാരണത്തില്‍ സ്ഥിരീകരണമുണ്ടാകുക. രാമപുര ക്യാമ്പില്‍ എലിഫന്‍റ് ആംബുലന്‍സ് നിര്‍ത്തിയപ്പോള്‍ തന്നെ തണ്ണീര്‍ കൊമ്പൻ കുഴഞ്ഞ് വീണു.

പുറത്തേക്ക് നടത്തി ഇറക്കാന്‍ ആയില്ല. പിന്നീട് ആന എഴുന്നേറ്റില്ല. അല്‍പസമയത്തിനകം ചരിഞ്ഞുവെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, പരിശോധനകള്‍ക്കായി വയനാട്ടിലെ ഡിഎഫ്ഒമാര്‍ രാമപുര ക്യാമ്പിലേക്ക് പുറപ്പെട്ടു. എലഫന്‍റ് സ്ക്വാഡിലെ കോര്‍ ടീം കൂടി ക്യാമ്പില്‍ തുടരും. കേരള-കര്‍ണാടക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും തുടര്‍ നടപടികള്‍. അതേസമയം, തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതോടെ കർണാടക വനമേഖലയിൽ മാത്രം കഴിഞ്ഞ ഒരു മാസം ചരിഞ്ഞ ആനകളുടെ എണ്ണം മൂന്നായി. കാട്ടാനയെ പിടിക്കാൻ ഉള്ള ദൗത്യത്തിനിടെയാണ് മൈസുരു ദസറയ്ക്ക് എഴുന്നള്ളിച്ചിരുന്ന അർജുൻ എന്ന ആന ഡിസംബർ ആദ്യവാരം ചരിഞ്ഞത്. എന്നാല്‍,ദൗത്യത്തിനിടെ അർജുന് അബദ്ധത്തിൽ വെടിയേറ്റു എന്ന് ആരോപണവും അന്ന് ഉയർന്നിരുന്നു.

ഇതിൽ കർണാടക സർക്കാർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.ഈ സംഭവത്തിനുശേഷമാണ് രാമനഗരയിൽ മറ്റൊരു ആന വൈദ്യുതകമ്പിയിൽ തട്ടി ചരിഞ്ഞത്.ഇപ്പോൾ റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിട്ട തണ്ണീർ കൊമ്പനെയും പിടികൂടുന്ന ദൗത്യത്തിന് മണിക്കൂറുകൾക്കുള്ളിൽ ചരിഞ്ഞു. സംഭവങ്ങളില്‍ ശക്തമായ വിമർശനവുമായാണ് കര്‍ണാടകയിലെ വന്യജീവി സംരക്ഷണ പ്രവർത്തകർ രംഗത്തെത്തിയത്. മനുഷ്യ - മൃഗ സംഘർഷത്തിന്റെ സാഹചര്യത്തിൽ മൃഗങ്ങളുടെ ജീവന് കൂടി വില നൽകുന്ന തരത്തിൽ നടപടികൾ എടുക്കാൻ വനം വകുപ്പുകൾക്ക്‌ കഴിയുന്നില്ല എന്ന് കർണാടക വനം വന്യജീവി സംരക്ഷണ ബോർഡ് മുൻ അംഗവും ആക്റ്റിവിസ്റ്റുമായ ജോസഫ് ഹൂവർ ആരോപിച്ചു.മൂന്നാഴ്ചയ്ക്ക് അകം 2 തവണ മയക്കുവെടി ഏറ്റത് തണ്ണീർ കൊമ്പന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിരിക്കാം. റേഡിയോ കോളർ അടക്കം മോണിറ്റർ ചെയ്യാൻ ഉള്ള സംവിധാനം നമ്മുടെ വനം വകുപ്പുകൾക്ക് ഇല്ലെന്നും ആനകളുടെ മരണങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും ജോസഫ് ഹൂവര്‍ ആവശ്യപ്പെട്ടു. 

തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു, ദാരുണ സംഭവം ബന്ദിപ്പൂരിലെത്തിച്ചശേഷം, കാരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം

 

 

Latest Videos
Follow Us:
Download App:
  • android
  • ios