ദില്ലി: സ്വർണ്ണക്കടത്ത് കേസിൽ കേരള സർക്കാരിനെതിരെ ലോക്സഭയിൽ ആരോപണവുമായി ബിജെപി എംപി തേജസ്വി സൂര്യ. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നായിരുന്നു ബിജെപി എംപിയുടെ പ്രസ്താവന. ജനകീയ പ്രതിഷേധങ്ങളെ കേരള സർക്കാർ അടിച്ചമർത്തുന്നുവെന്നും പ്രതിഷേധിക്കുന്ന വനിതകളെ വരെ പൊലീസ് തല്ലിചതയ്ക്കുകയാണെന്നും തേജസ്വി സൂര്യ ആരോപിച്ചു. 

കേരള സർക്കാർ ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടമാക്കുന്നത് കൊവിഡ് കാലത്ത‌് കണ്ടുവെന്ന് പറഞ്ഞ തേജസ്വി സൂര്യ ലൈഫ് മിഷൻ പദ്ധതിയിലും വലിയ അഴിമതിയാണ് ഉണ്ടായതെന്ന് ആരോപിച്ചു

ബിജെപി എംപിയുടെ പ്രസ്താവനയ്ക്കെതിരെ ഇടത് എംപിമാർ പ്രതിഷേധിച്ചു. എം എം ആരിഫും പി ആർ നടരാജനും സഭയിൽ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചപ്പോൾ കോൺഗ്രസ് അംഗങ്ങൾ മൗനം പാലിച്ചു.