കൊച്ചി: സമൂഹമാധ്യമ ആപ്ലിക്കേഷനായ ടെലഗ്രാം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് സംസ്ഥാന പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പറുദീസയായി അപ്ലിക്കേഷൻ മാറിയെന്നും ആരാണ് ഇത് ഉപയോഗിക്കുന്നതെന്നുപോലും തിരിച്ചറിയാനാകാത്ത അവസ്ഥായാണെന്നും പൊലീസ് അറിയിച്ചു. ടെലഗ്രാം ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹർജിയിലാണ് സംസ്ഥാന പൊലീസിന്‍റെ മറുപടി. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതടക്കം ഒട്ടേറെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ആപ്പിലൂടെ നടക്കുന്നത്. ഇതിന്‍റെ പ്രവർത്തനത്തിൽ ഇടപെടുന്നതിന് പൊലീസിന്  പരിമിതിയുണ്ട്. ആപ്പ് ഉപയോഗിക്കുന്നവരുടെ  വിവരങ്ങൾ പോലും  സ്ഥാപനം നൽകുന്നില്ല. 

ടെലഗ്രാമിന്‍റെ സെർവറുകൾ അടക്കം വിദേശത്താണ്.  രാജ്യത്തെ നിയമങ്ങൾ ബാധകമല്ലെന്ന നിലയിലാണ് ആപ്പിന് പിന്നിലുള്ളവര്‍ പ്രവർത്തിക്കുന്നത്. രഹസ്യാത്മകത ഏറെയുളള ആപ്പില്‍ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ ഏജൻസികൾക്കും പരിമിതിയുണ്ട്. അതിനാലാണ് കുറ്റവാളികൾ ടെലഗ്രാമിനെ ആശ്രയിക്കുന്നത്. സിനിമകളടക്കം ആപ്പിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ആപ്പിനായി ഉപയോഗിക്കുന്ന നമ്പര്‍ പോലും കണ്ടെത്താനാകാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ ആപ്പിലൂടെയുളള പല കുറ്റകൃത്യങ്ങൾക്കും പിന്നിലുളളവരെ കണ്ടെത്താനാകുന്നില്ല. ടെലഗ്രാം ആപ്പിനെ നിയന്ത്രിക്കാൻ കേന്ദ്ര ഏജൻസികളാണ് അടിയന്തരമായി ഇടപെടേണ്ടതെന്നും ഇത്തരം ആപ്ലിക്കേഷനുകൾക്ക് രാജ്യത്തെ നിയമങ്ങൾ ബാധകമാക്കേണ്ടത് അത്യാവശ്യമാണെന്നും സംസ്ഥാന പൊലീസ് അറിയിച്ചു.