രസീത് നല്‍കാതെ വഴിപാട് കഴിക്കണമെന്ന ഉപദേശക സമിതിയുടെ ആവശ്യം അംഗീകരിക്കാന്‍ തയാറാകാതിരുന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് രഞ്ജിത്ത് പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ പൂജയ്ക്കെത്തിയ രഞ്ജിത്തിനെ ഉപദേശക സമിതി സെക്രട്ടറി ശിവലാലും കൂട്ടാളി അനിലും ചേര്‍ന്ന് ഓഫീസ് മുറിയില്‍ പൂട്ടിയിട്ടുവെന്ന് പരാതിയിൽ പറയുന്നു.

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ (travancore devaswom board) പട്ടികജാതിക്കാരനായ (scheduled caste) പൂജാരിയെ (priest) ക്ഷേത്രം ഓഫീസില്‍ പൂട്ടിയിട്ടെന്നും ജാതി അധിക്ഷേപം നടത്തിയതായും പരാതി. ഒറ്റശേഖരമംഗലം വാഴിച്ചല്‍ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ രഞ്ജിത്താണ് ആര്യങ്കോട് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. സാമ്പത്തിക ക്രമക്കേടിന് കൂട്ടുനില്‍ക്കാത്തതിന്‍റെ പേരിൽ ക്ഷേത്ര ഉപദേശക സമിതിയാണ് നിരന്തരം അധിക്ഷേപിക്കുന്നതെന്ന് രഞ്ജിത്ത് പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശിയും പട്ടകിജാതിക്കാനുമായ രഞ്ജിത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് വഴി ഇക്കഴിഞ്ഞ ജനുവരി 11നാണ് പാര്‍ട് ടൈം പൂജാരിയായി നിയമനം ലഭിച്ചത്. പൂജാരികള്‍ക്ക് ദേവസ്വം ബോർഡ് അംഗീകരിച്ചിട്ടുള്ള കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയാണ് രഞ്ജിത്ത് ജോലിയിൽ പ്രവേശിച്ചതും. ഒറ്റശേഖരമംഗലം സബ് ഗ്രൂപ്പില്‍പെട്ട കോവിലുവിള ശാസ്ത്ര ക്ഷേത്രത്തിലാണ് നിയമനം കിട്ടിയത്. പാര്‍ട്ട് ടൈം ശാന്തി ആയിതനാല്‍ രാവിലെ മാത്രം പൂജ ചെയ്താല്‍ മതിയായിരുന്നു.

എന്നാല്‍, ക്ഷേത്ര ഉപദേശക സമിതിയുടെ ആവശ്യം അംഗീകരിച്ച്, വൈകിട്ട് പൂജയ്ക്കും ബോർ‍ഡ് അനുമതി നല്‍കി. വൈകിട്ടത്തെ ചെലവും ശമ്പളവും ഉപദേശക സമിതി വഹിക്കമമെന്ന് നിബന്ധനയിലായിരുന്നു ഇത്. ഇതിന് ശേഷം രസീത് നല്‍കാതെ വഴിപാട് കഴിക്കണമെന്ന ഉപദേശക സമിതിയുടെ ആവശ്യം അംഗീകരിക്കാന്‍ തയാറാകാതിരുന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് രഞ്ജിത്ത് പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ പൂജയ്ക്കെത്തിയ രഞ്ജിത്തിനെ ഉപദേശക സമിതി സെക്രട്ടറി ശിവലാലും കൂട്ടാളി അനിലും ചേര്‍ന്ന് ഓഫീസ് മുറിയില്‍ പൂട്ടിയിട്ടുവെന്ന് പരാതിയിൽ പറയുന്നു.

പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് മോചിപ്പിച്ചത്. ജാതി പറഞ്ഞുള്ള അധിക്ഷേപത്തിലും സാമ്പത്തിക ക്രമക്കേട് നടത്താന്‍ പ്രേരിപ്പിക്കുന്നതിലും പരാതി പറഞ്ഞെങ്കിലും വീട്ടുവീഴ്ച ചെയ്യാനായിരുന്നു ദേവസ്വം ബോര്‍ഡ് അധികൃതരുടെ ഉപദേശം. ഈ സാഹചര്യത്തിലാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് രഞ്ജിത്ത് പറഞ്ഞു. രഞ്ജിത്തിന്‍റെ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ആര്യങ്കോട് പൊലീസ് അറിയിച്ചു. ദേവസ്വം ബോർഡിന്റെ ഒറ്റശേഖരമംഗലം സബ് ഗ്രൂപ്പ് ഓഫീസര്‍ അവധിയിലാണ്. മടങ്ങിയെത്തിയ ശേഷം സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു.