കൊച്ചി: കേരളത്തില്‍ പുതുവര്‍ഷ ദിനത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കര്‍. അഫ്ഗാനില്‍ നിന്നും സിറിയയില്‍ നിന്നുമാണ് നിര്‍ദ്ദേശം ലഭിച്ചത്. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരുടേതായിരുന്നു നിര്‍ദ്ദേശം. കൊച്ചി അടക്കമുള്ള നഗരങ്ങളെ ലക്ഷ്യം വച്ചെങ്കിലും ഒപ്പമുള്ളവര്‍ പിന്തുണച്ചില്ലെന്നും റിയാസ് എന്‍ഐഎക്ക് മൊഴി നല്‍കി. 

വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം എത്തുന്ന കൊച്ചിയിലെ സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഒപ്പമുള്ളവര്‍ എതിര്‍ത്തെങ്കിലും താന്‍ ഇതിനുവേണ്ട കാര്യങ്ങള്‍ ഒരുക്കി വരികയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. ഇതിനിടയിലാണ് എന്‍ഐഎ റിയാസിനെ അറസ്റ്റ് ചെയ്തത്. 

ഇയാളെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി ദേശീയ അന്വേഷണ ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പാലക്കാട് സ്വദേശിയായ റിയാസിന് ഭീകരരുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. റിയാസിനെയും കാസർഗോഡ് സ്വദേശികളായ രണ്ട് പേരെയും എന്‍ഐഎ ചോദ്യം ചെയ്ത് വരികയായിരുന്നു. 

ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകളെ പോയതുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ശ്രീലങ്കൻ സ്ഫോടനത്തിന്‍റെ ആസൂത്രകൻ സഹ്‌റാൻ ഹാഷിമിന്റെ ആരാധകൻ ആയിരുന്നു റിയാസെന്നും എന്‍ഐഎ വ്യക്തമാക്കി.