കോഴിക്കോട്: തൂണേരിയിൽ പ‌‌ഞ്ചായത്ത് പ്രസിഡൻ്റിനും രണ്ട് വാർഡ് മെമ്പർമാരുമടക്കം 53 പേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പഞ്ചായത്തിലെ പതിനാറാം വാർഡ് കണ്ടെയ്ൻമെൻ്റ്  സോണാക്കി മാറ്റി. ആൻ്റിജൻ പരിശോധനയിലാണ് ഇത്രയധികം പേർക്ക് ഒരുമിച്ച് കൊവിഡ് പോസിറ്റീവായത്. 

പതിനാറാം വാർഡിൽ കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന വനിതക്ക് കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചത്. അതിനെ തുടർന്ന് അവരുമായി പ്രൈമറി കോണ്ടാക്ടുള്ള നാല് പേരെ കണ്ടെത്തി. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കികൊണ്ടിരിക്കുകയാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 25 വീടിന് രണ്ടോ മൂന്നോ വളണ്ടിയർമാർ എന്ന രീതിയിൽ സന്നദ്ധ സേവകരെ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു

തൂണേരി പഞ്ചായത്ത് ഓഫീസ് അടച്ചിടാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശം നൽകി. പഞ്ചായത്തിലെ മുഴുവൻ പേരുടെയും സ്രവം പരിശോധനക്കെടുക്കും. അൻ്റിജൻ ടെസ്റ്റിൽ ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ആറ് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.