ചുരം റോഡില്‍ പലയിടങ്ങളിലായി മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. ഒന്നാം വളവ് മുതല്‍ ഏറ്റവും മുകളില്‍ വ്യൂപോയിന്റ് വരെ ചാക്കുക്കെട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു.

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ കൂട്ടത്തോടെ മാലിന്യ ചാക്കുകള്‍ കണ്ടതോടെ പരാതി നല്‍കി ചുരം സംരക്ഷണ സമിതി. പുതുപ്പാടി പഞ്ചായത്തിന്‍റെ ചുരം വൃത്തിയാക്കല്‍ ഒരു വഴിക്ക് നടക്കുമ്പോഴും ചുരം റോഡിൽ പലയിടങ്ങളിലായി മാലിന്യം തള്ളുകയാണ് ചിലര്‍. ചുരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്താന്‍ സ്ഥിരം പരിശോധനയും സിസിടിവി ക്യാമറയും എല്ലാ വരുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 

കഴിഞ്ഞ ദിവസമാണ് മാലിന്യചാക്കുകള്‍ വാഹനത്തില്‍ കൊണ്ടു വന്നു തള്ളിയതെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. 15 ചാക്കുകള്‍ ചുരം വളവുകളിലും മറ്റും പല ഭാഗത്തായി കുറ്റിക്കാടുകളിലേക്ക് എറിയപ്പെട്ട നിലയിലാണ്. ഒന്നാം വളവ് മുതല്‍ ഏറ്റവും മുകളില്‍ വ്യൂപോയിന്റ് വരെ ഇത്തരത്തില്‍ ചാക്കുക്കെട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഷോപ്പോ മറ്റോ മാറുന്നതിന്റെ ഭാഗമായി പാഴായ പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, തെര്‍മോകോള്‍ എന്നിവയെല്ലാമാണ് ചാക്കുകളിലുള്ളത്. ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികാരികളെ ചുരംസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വിവരമറിയിച്ചു. 

മുമ്പും സമാന രീതിയില്‍ ചുരത്തില്‍ മാലിന്യം വലിച്ചെറിയുന്ന സംഭവങ്ങളുണ്ടായിരുന്നു. ചത്ത ആടുകളെ ചുരത്തില്‍ താഴ്ച്ചയുള്ള ഭാഗങ്ങളില്‍ തള്ളിയ സംഭവമായിരുന്നു ഒടുവില്‍ നടന്നത്. ചുരം പോലെയുള്ള അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഇടങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതില്‍ അധികൃതര്‍ക്ക് നിസംഗതയാണെന്ന പരാതി ഉയരുന്നുണ്ട്. ചാക്കുകണക്കിന് മാലിന്യങ്ങള്‍ ഇത്തരത്തില്‍ കൊണ്ടുവന്നു തള്ളുന്നത് പിടിക്കപ്പെടില്ലെന്ന ധാരണയിലാണെന്നും എന്നാല്‍ അത് മാറണമെങ്കില്‍ കുറ്റക്കാരെ പിടികൂടണമെന്നും ചുരം സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.