ഇടനിലക്കാരൻ ആഞ്ചൻ്റെ അയൽവാസി ഇടക്കാലത്ത് ഉപയോഗിക്കാതെ വച്ച സിംകാർഡ് വാങ്ങിയും സാക്ഷികളെ ബന്ധപ്പെട്ടു

പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികൾ നേരിട്ടും ഇടനിലക്കാരൻ മുഖേനെയും 385 തവണ സാക്ഷികളെ ഫോണിൽ വിളിച്ചു. വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് വാങ്ങിയ പുതിയ മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു സാക്ഷികളുമായുള്ള കൂടുതൽ ആശയവിനിമയവും. ഇടനിലക്കാരൻ ആഞ്ചൻ്റെ അയൽവാസി ഇടക്കാലത്ത് ഉപയോഗിക്കാതെ വച്ച സിംകാർഡ് വാങ്ങിയും സാക്ഷികളെ ബന്ധപ്പെട്ടു.വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീമിന്റെ നിയമപരമായ പിൻബലത്തിൽ പൊലീസ് നടത്തിയ അന്വേഷണമാണ് മധുകേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് തടയിട്ടത്.

പലതവണ പ്രതികൾ നേരിട്ടും ഇടനില്കകാർ മുഖേനെയും സാക്ഷികളെ വിളിച്ചു. ഇത് ഹൈക്കോടതി നൽകിയ ജാമ്യവ്യവസ്ഥയ്ക്ക് എതിരാണ്. ഇത് മാനിച്ച് 12 പ്രതികളുടെ ജാമ്യം റദ്ദാക്കുന്നു എന്നായിരുന്ന വിചാരണക്കോടതി ഉത്തരവ്.

രണ്ടാംപ്രതി മരയ്ക്കാൻ 11 തവണ സ്വന്തം ഫോണിൽ നിന്ന് സാക്ഷികളെ വിളിച്ചു. 14,15,16,18, 19, 32 സാക്ഷികളെയാണ് ബന്ധപ്പെട്ടത്. ഇവരിൽ അഞ്ചുപേർ കൂറുമാറി. മൂന്നാംപ്രതി ശംസുദ്ദീൻ 63 തവണ പതിനാലാം സാക്ഷി ആനന്ദിനെ മാത്രം വിളിച്ചു. കൂറുമാറിയ സാക്ഷിയാണ് ആനന്ദൻ. ആറാം പ്രതി അബൂബക്കറും പന്ത്രണ്ടാം പ്രതി സജീവനും അമ്പതിലേറെ തവണ സാക്ഷികളുമായി ബന്ധപ്പെട്ടു.പതിനഞ്ചാംപ്രതി ബിജു മുപ്പതി രണ്ടാം സാക്ഷിയെ മാത്രം 49 തവണ ഫോണിൽ വിളിച്ചതിനും രേഖകളുണ്ട്. പതിനാറാം പ്രതി മൂനീർ ഒരു സാക്ഷിയെ മാത്രം വിളിച്ചത് 38 തവണ.

8943615072 ഇത് ഇടനിലക്കാരൻ ഉപയോഗിച്ച സിം ആണ്. സിമ്മിൻ്റെ ഉടമസ്ഥാവകാശം പരിശോധിച്ചപ്പോൾ ഭഗവതി എന്ന വ്യക്തിയുടേത്. ഊത്ത് കുഴി ഊര്, ഷോളയൂർ ഇതാണ് മേൽവിലാസം.പൊലീസ് ഭഗവതിയെ കണ്ട് അന്വേഷിച്ചപ്പോൾ, അങ്ങനെ ഒരു സിം എടുത്തിട്ടില്ലെന്ന് വ്യക്തമായി. അതിൽ കാണപ്പെട്ട ഫോട്ടയെ കുറിച്ചായി പിന്നീട് പരിശോധന. നിഷ എന്ന യുവതിയുടേതാണ് ഫോട്ടോ. അവരെ കണ്ടെത്തി വിവരം തിരക്കിയപ്പോൾ, 2019ൽ ഭഗവതിയുടെ അനുജത്തി ധനലക്ഷ്മിക്ക് വേണ്ടി ഒരു സിംകാർഡ് എടുത്ത് നൽകിയിട്ടുണ്ട്. അതിൽ ഉപയോഗിച്ചത് സ്വന്തം ഫോട്ടോ ആണ്. തിരിച്ചറിയൽ രേഖ ഭഗവതിയുടേത്.

ധനലക്ഷ്മിയെ വിവാഹം കഴിച്ചത് ആനവായി ഊരിലുള്ള ശിവകുമാർ ആണ്. പിന്നാലെ, ഈ സിം ശിവകുമാർ ഉപയോഗിക്കാൻ തുടങ്ങി. ഇടക്കാലത്ത് ഈ സിം ഉപയോഗിക്കാതെ മാറ്റിവച്ചു. ആ സിം അയൽവാസിയായ ആഞ്ചൻ കടംവാങ്ങി ഉപയോഗിക്കാൻ തുടങ്ങി. അദ്ദേഹം അത് പ്രതിയായ ബിജുവിനും കൈമാറി. പ്രതികൾ ഈ നമ്പർ ഉപയോഗിച്ച് നിരന്തരം ആഞ്ചൻ മുഖേനയും അല്ലാതെയും സാക്ഷികളുമായും ബന്ധപ്പെട്ട് കൊണ്ടേയിരുന്നു.

അവിടെയും തീരുന്നില്ല കഥ. ഈ സിം ഉപയോഗിച്ച മൊബൈൽ ഫോൺ ആക്ടീവ് ആകുന്നത് മധുകേസിൽ സാക്ഷിവിസ്താരം തുടങ്ങുന്നതിന് അഞ്ചുനാൾ മുമ്പ്. ജൂൺ എട്ടിനാണ് മധുകേസിൽ സാക്ഷി വിസ്താരം തുടങ്ങിയത്. ഇതേ ഫോൺ ജൂലൈ 19ന് ഡിആക്ടീവ് ആയി. അന്ന് തന്നെയാണ് വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ ഉത്തരവ് ഇറങ്ങിയതും. സാക്ഷികളെ വിസ്തരിക്കുന്ന കാലത്ത് അവരെ സ്വാധീനിക്കാൻ വേണ്ടി മാത്രം ഉപയോഗിച്ച ഫോൺ ആണിതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

മധുകൊലക്കേസ്:ജാമ്യം റദ്ദായ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു, ഹൈക്കോടതിയെ സമീപിക്കാൻ പ്രിതകളുടെ നീക്കം

അട്ടപ്പാടി മധുവധക്കേസിൽ ജാമ്യം റദ്ദാക്കിയ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വിചാരണക്കോടതി 12 പേരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഇതിൽ മൂന്നുപേരെ റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായി അഗളി പൊലീസിന്‍റെ നേതൃത്വത്തിൽ പ്രതികളുടെ വീടുകൾ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.

ഒമ്പതുപേർ ഇപ്പോഴും ഒളിവിലാണ്. രണ്ടാംപ്രതി മരയ്ക്കാർ, മൂന്നാംപ്രതി പി.സി.ഷംസുദ്ദീൻ, അഞ്ചാം പ്രതി ടി.രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഒമ്പതാം പ്രതീ നജീബ്, പത്താം പ്രതി എം.വി.ജൈജുമോൻ, പതിനൊന്നാംപ്രതി അബ്ദുൽ കരീം, പന്ത്രണ്ടാംപ്രതി പി.പി.സജീവ് പതിനാറാം പ്രതി വി.മുനീർ എന്നിവർക്ക് വേണ്ടിയാണ് തെരച്ചിൽ.

ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് പ്രതികളുടെ ജാമ്യം മണ്ണാർക്കാട് വിചാരണക്കോടതി റദ്ദാക്കിയത് ഇതിനെതിരെ ഹൈക്കോടതി സമീപിക്കാൻ ഒരുങ്ങുകയാണ് പ്രതിഭാഗം. അതിനിടെ സാക്ഷി വിസ്താരം നാളെ പുനരാരംഭിക്കും

അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞതായി നേരത്തെ ജഡ്ജി പറഞ്ഞിരുന്നു. എന്നാൽ ജഡ്‍ജിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി . വിചാരണ കോടതിയെ ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നില്ല പ്രസ്താവനയെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ: അനിൽ കെ.മുഹമ്മദ് പറഞ്ഞു. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ വിചാരണ കോടതിക്ക് അധികാരമില്ലെന്നാണ് വാദിച്ചത്. ജാമ്യം റദ്ദാക്കിയാല്‍ ഹൈക്കോടതി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നൽകിയത്.