മുൻപ് ചത്തീസ്ഗഡിലെ ഒരു പള്ളി പൊളിച്ച സംഭവവുമായി ബന്ധപ്പെട്ട് വന്ദനയടക്കമുളളവരെ ആശുപത്രിയിൽ പൂട്ടി ഇട്ട സംഭവമുണ്ടായിട്ടുണ്ട്

കണ്ണൂർ: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢിലെ ദുർഗിൽ അറസ്റ്റിലായ സിസ്റ്റ‍ർ വന്ദനയ്ക്ക് മുൻപും ഇവിടെ വെച്ച് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സഹോദരന്മാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുൻപ് ചത്തീസ്ഗഡിലെ ഒരു പള്ളി പൊളിച്ച സംഭവവുമായി ബന്ധപ്പെട്ട് വന്ദനയടക്കമുളളവരെ ആശുപത്രിയിൽ പൂട്ടി ഇട്ട സംഭവമുണ്ടായിട്ടുണ്ടെന്ന് സഹോദരൻ ജിൻസ് പറഞ്ഞു. വന്ദന കന്യാസ്ത്രീ ആയി പ്രവർത്തനം തുടങ്ങിയിട്ട് 38 വർഷമായി. കൂടുതലും ഉത്തരേന്ത്യയിൽ ആണ് ജോലി ചെയ്തിട്ടുള്ളത്. നാരായണപൂർ സ്വദേശി പ്രീതി സിംഗ് എന്നൊരു സ്ത്രീ ആണ് അന്ന് ഉപദ്രവിച്ചത് എന്നും സഹോദരൻ പറഞ്ഞു. കുടുംബം നിയമനടപടിയുമായി മുന്നോട്ട് പോകും. ഛത്തീസ്​ഗഢിലേക്ക് പോകുന്ന കാര്യമടക്കം ആലോചിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത ശേഷം വന്ദനയോട് ഫോണിൽ സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അറസ്റ്റിൽ പേടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോദിയെ ഒരു ബഹുമാനം ഉണ്ടായിരുന്നെന്നും അദ്ദേഹം മുന്നിട്ടുനിന്നാൽ ഇത്തരം സംഭവങ്ങളിൽ ഒരു തീരുമാനം ഉണ്ടാകില്ലേയെന്നും സിസ്റ്റർ വന്ദനയുടെ സഹോദരൻ ചെറിയാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിതാവ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയോടും സംസാരിച്ചിട്ടുണ്ടെന്നാണ് അറിവെന്നും അദ്ദേഹം പറഞ്ഞു.

അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് കഴിഞ്ഞ ദിവസം ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്. ബജ്‌രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റിലായ കന്യാസ്ത്രീകൾ കണ്ണൂർ, അങ്കമാലി സ്വദേശികളാണ്.