ഡീലർഷിപ്പ് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായിട്ടില്ല. വിറ്റുപോയ ഇ ഓട്ടോകൾ പ്രവർത്തിക്കാതെ വന്നിട്ടില്ലെന്നും പി രാജീവ് നിയമസഭയെ അറിയിച്ചു.

തിരുവനന്തപുരം: കേരള ഓട്ടോ മൊബൈൽസിന്റെ ഇ ഓട്ടോ പദ്ധതി പ്രതിസന്ധിയിലായാട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ രേഖാമൂലം അറിയിച്ചു. ഡീലർഷിപ്പ് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായിട്ടില്ല. വിറ്റുപോയ ഇ ഓട്ടോകൾ പ്രവർത്തിക്കാതെ വന്നിട്ടില്ലെന്നും പി രാജീവ് നിയമസഭയെ അറിയിച്ചു.

അതേസമയം സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഇലക്ട്രിക് ഓട്ടോ നിർമ്മാണം പ്രതിസന്ധിയിലാണ്. ഒരു വർഷം കൊണ്ട് കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് വഴി 7000 ഓട്ടോ ഇറക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ രണ്ട് വർഷത്തിനിടെ ആകെ വിറ്റത് 137 ഓട്ടോ മാത്രം. ബാറ്ററിയുടെ ഗുണനിലവാരം കുറ‍ഞ്ഞതും വിൽപ്പനാനന്തര സേവനം നല്ല നിലയിലല്ലാത്തതും വായ്പാ സൗകര്യമില്ലാത്തതും ഡീലർമാര്‍ ഓട്ടോ വാങ്ങുന്നത് നിർത്താന്‍ കാരണമായി.

കമ്പനി പറഞ്ഞപോലെ ഒരു തവണ ചാർജ്ജ് ചെയ്താൽ 80 മുതൽ 100 കിലോ മീറ്റർ വരെ മൈലേജ് വളരെക്കുറച്ച് ഓട്ടോകൾക്കേ കിട്ടിയുള്ളൂ. ക്രമേണ പല ഓട്ടോയും 40 കിലോമീറ്ററിനപ്പുറും ഓടാനാകാത്ത സ്ഥിതിയായി. മൈലേജ് കിട്ടാത്ത ബാറ്ററി കെഎഎൽ തിരിച്ചെടുക്കാതായതോടെ ഡീലമാർമാര്‍ പിൻവാങ്ങി. ഇപ്പോള്‍ വില്‍ക്കുന്ന വിലയില്‍ നിന്ന് അരലക്ഷമെങ്കിലും കുറച്ച് വിപണി പിടിക്കാമായിരുന്നെങ്കിലും മാനേജ്മെന്‍റിന്‍റെ വീഴ്ച സ്വപ്ന പദ്ധതിയെത്തന്നെ തകര്‍ത്ത് കളഞ്ഞു.

ഇ വാഹനങ്ങൾക്ക് 30000 രൂപ വരെ സബ്സിഡി നൽകുമെന്ന വാഗ്ദാനം സർക്കാർ പാലിക്കാത്തതും കെഎഎൽ ഇ ഓട്ടോയോടുള്ള പ്രിയം കുറയാൻ കാരണമായി. ഇ-ഓട്ടോ വാങ്ങാൻ കെഎഫ്സി നല്‍കിക്കൊണ്ടിരുന്ന വായ്പ നിര്‍ത്തിയതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. കൊടുക്കുന്ന വിലയ്ക്ക് മതിയായ ഗുണനിലവാരമില്ലാത്തതോടെ കെഎഎല്ലിന്‍റെ ഓട്ടോ നിര്‍മാണം തന്നെ പേരിന് മാത്രമായി. ഇ ഓട്ടോക്ക് പ്രശ്നങ്ങളില്ലെന്നും കൊവിഡ് മൂലമാണ് ഉത്പാദനം കുറഞ്ഞതെന്നുമാണ് കെഎഎൽ വിശദീകരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona