Asianet News MalayalamAsianet News Malayalam

Dileep Case: ദിലീപിനെ ചോദ്യം ചെയ്യൽ രണ്ടാം ദിവസം; വിചാരണ നീട്ടണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന സർക്കാരിൻറെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ തുടരന്വേഷണം വേണമെന്നാണ് സർക്കാർ വാദം

the interrogation of actor dileep will continue today
Author
Kochi, First Published Jan 24, 2022, 5:42 AM IST

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ (Dileep)  ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.രണ്ടാം ദിവസമായ ഇന്നും രാവിലെ 9ന് ഹാജരാകാനാണ് അഞ്ച് പ്രതികളോടും ഹൈക്കോടതി(high court) നിർദേശിച്ചിരുന്നത്.രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ എങ്ങനെവേണമെന്നത് സംബന്ധിച്ച രൂപരേഖ ഇന്നലെ വൈകുന്നേരം തന്നെ തയാറാക്കിയിട്ടുണ്ട്.

ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ ദിലീപിന്‍റേതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്.അഞ്ച് പൊലീസ് സംഘങ്ങളാണ് അഞ്ച് പ്രതികളേയും വേവ്വേറെ ഇരുത്തി മൊഴിയെടുക്കുന്നത്.ഈ മൊഴികളിലെ വൈരുദ്ധ്യം മുൻ നിർത്തിയാകും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ.എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിൽ ആണ് മൊഴി എടുക്കൽ.

ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് എസ് പി മോഹനചന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിജിറ്റൽ തെളിവുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നും എസ്പി പറഞ്ഞു. 

ഹൈക്കോടതി ഉത്തരവിനെതുടർന്ന് രാവിലെ 8.40 നാണ് ആലുവയിലെ പദ്മസരോവരം വീട്ടിൽ നിന്ന് ചോദ്യം ചെയ്യലിനായി ഇന്നലെ പ്രതികൾ പുറപ്പെട്ടത്. ദിലീപിനൊപ്പം രണ്ടാം പ്രതിയും സഹോദരനുമായ അനൂപ്, മൂന്നാം പ്രതിയും സഹോദരി ഭർത്താവുമായ സുരാജ് എന്നിവരുമുണ്ടായിരുന്നു. 8.52ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. എതാണ്ട് ഇതേ സമയത്തുതന്നെ കേസിലെ മറ്റു രണ്ടു പ്രതികളായ ബാബു ചെങ്ങമനാടും അപ്പുവും ഹാജരായിരുന്നു

കൊലപാതക ഗൂഡാലോചന സംബന്ധിച്ച് ദിലീപിനും കൂട്ടുപ്രതികൾക്കും പറയാനുളളത് മുഴുവൻ കേൾക്കുകയാണ് ആദ്യ ദിവസം അന്വേഷണ സംഘം ചെയ്തത്. ദിലീപ് സഹകരിച്ചെന്ന് ഉദ്യോഗസ്ഥർ പരസ്യമായി പറയുമ്പോഴും വിശദീകരണം ആവശ്യപ്പെട്ട ചില കാര്യങ്ങളിലെ ദിലീപിന്‍റെ നിഷേധാത്മക നിലപാട് അന്വേഷണ സംഘത്തെ അലോസരപ്പെടുത്തുന്നുണ്ട്. 

ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന സർക്കാരിൻറെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ തുടരന്വേഷണം വേണമെന്നാണ് സർക്കാർ വാദം.ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ,
സി.ടി. രവി കുമാർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.എന്നാൽ സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട്
ദിലീപും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

ബാലചന്ദ്രകുമാർ അന്വേഷണസംഘം വാടക്കെടുത്ത സാക്ഷിയാണെന്നും ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയാണ്
സർക്കാരിന്റെ ഉദ്ദേശ്യമെന്നും ദിലീപ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്
 

Follow Us:
Download App:
  • android
  • ios