വര്‍ക്കല: വ‍ർക്കലയിൽ സ്ത്രീയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ മുഖ്യപ്രതി പിടിയിൽ. ഗുണ്ടാസംഘത്തിലെ അംഗമായ വർക്കല സ്വദേശി ഫിറോസ് ആണ് പിടിയിലായത്. സാന്പത്തിക തർക്കത്തെ തുടർന്ന് കൂട്ടുകാരിയായ ശാരദയെ ആക്രമിക്കാൻ വർക്കല സ്വദേശിയായ ആമിന ക്വട്ടേഷൻ നൽകിയെന്നാണ് കേസ്.

കർണാടക കുടുക് സ്വദേശി ശാരദയെയും മകനെയുമാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. ഇവരെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതോ ശാരദയുടെ സുഹൃത്തായ ആമിനയും. ഇരുവരും ഒരുമിച്ചാണ് വർക്കല ക്ലിഫിൽ തുണിക്കട നടത്തിയിരുന്നത്. സാമ്പത്തിക തർക്കങ്ങളെ തുടർന്ന് പിണങ്ങിയതോടെയാണ് ആമിന ക്വട്ടേഷൻ കൊടുത്തത്. കഴിഞ്ഞ ബുധാനാഴ്ച രാത്രിയിലാണ് ഓട്ടോയിലെത്തിയ സംഘം ശാരദയുടെ രണ്ട് കാലും തല്ലിയൊടിച്ചത്.

പരിക്കേറ്റു കിടക്കുന്ന ശാരദയെ കാണാൻ ക്വട്ടേഷൻ നൽകിയ ആമിന ഹെൽമറ്റ് വച്ച് സ്കൂട്ടറിൽ അതുവഴിപോവുകയും ചെയ്തു. ആക്രമണത്തിന് ശേഷം ആമിനയുടെ വീട്ടിലെത്തി ക്വട്ടേഷൻസംഘം മദ്യപിച്ച് ആഘോഷിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതികളായ ആറംഗസംഘത്തിന് 50,000 രൂപയാണ് ആമിന ക്വട്ടേഷൻ തുകയായി നൽകിയത്. ആമിനയും ക്വട്ടേഷൻ സംഘത്തിലെ ആറു പേരും കഴിഞ്ഞദിവസം പിടിയിലായിരുന്നു. പിടിയിലായ മുഖ്യപ്രതി ഫിറോസ് പൊലീസുകാരനെ കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയായിരുന്നു. ഗുണ്ടാസംഘത്തിലെ ഒരാൾ കൂടി ഇനി പിടിയിലാകാനുണ്ട്.