Asianet News MalayalamAsianet News Malayalam

'ഏക ആശ്രയം ഇല്ലാതായി, മരുന്നിന് പോലും പണമില്ല': കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള പെൻഷൻ നിലച്ചു

സഹായ ധനം കിട്ടാതായിട്ട് ആറ് മാസം. പട്ടിണിയിലും കടക്കെണിയിലുമാണ് 8500 ഓളം കുടുംബാംഗങ്ങൾ.

The pension for the dependents of those who died due to covid not getting SSM
Author
First Published Sep 19, 2023, 11:08 AM IST

ഇടുക്കി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിത‍ര്‍ക്കുള്ള പെന്‍ഷന്‍ നിലച്ചു. കൊവിഡ് ബാധിച്ച് മരിച്ച ബിപിഎൽ കുടുംബങ്ങളിലെ അംഗങ്ങളുടെ ആശ്രിത‍ർക്ക് സർക്കാർ നൽകിയിരുന്ന പെൻഷൻ നിലച്ചിട്ട് ആറു മാസത്തിലധികമായി. സഹായം കിട്ടാതായതോടെ പട്ടിണിയിലും കടക്കെണിയിലുമാണ് 8500 ഓളം കുടുംബാംഗങ്ങൾ.

ഇടുക്കി സ്വരാജ് സ്വദേശി അന്നമ്മ ലൈജുവിന്‍റെ ഭർത്താവ് 2021 ൽ കൊവിഡ് ബാധിച്ചു മരിച്ചു. അദ്ദേഹത്തിന്‍റെ മരണത്തോടെ തന്‍റെ എല്ലാ ആശ്രയവും ഇല്ലാതായെന്നും പല രോഗങ്ങളും പിടികൂടിയെന്നും അന്നമ്മ പറഞ്ഞു. ഈ സമയത്താണ് കൊവിഡ് ബാധിച്ചു മരിച്ച ബിപിഎൽ കുടുംബാംഗങ്ങളുടെ ആശ്രിതർക്ക് മാസം തോറും 5000 രൂപ സഹായം നൽകുമെന്ന സർക്കാരിൻറെ പ്രഖ്യാപനം. 36 മാസത്തേക്കായിരുന്നു സഹായ വാഗ്ദാനം. എന്നാൽ കഴിഞ്ഞ വർഷം അവസാനത്തോടെ പല ജില്ലകളിലും സഹായ ധനം മുടങ്ങി.

"ചില മാസങ്ങളില്‍ എനിക്ക് പൈസ ലഭിച്ചു. ഒരു വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്. ഞാന്‍ എനിക്കു വേണ്ടി മാത്രമല്ല സംസാരിക്കുന്നത്. എന്നെപ്പോലെ കഷ്ടപ്പെടുന്ന ഒത്തിരി ആളുകളുണ്ട്. കൊവിഡ് വന്നതിനു ശേഷം ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ജോലിക്ക് പോകാന്‍ കഴിയുന്നില്ല. സാമ്പത്തികമായി വലിയ പ്രയാസത്തിലാണ്. ഇന്‍ഫെക്ഷന്‍ വന്നത് വൃക്കയെ ബാധിച്ചു. തുടര്‍ച്ചയായ ചികിത്സയ്ക്കൊന്നും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. മരുന്നുകള്‍ക്കെല്ലാം കൂടി രണ്ടാഴ്ച കൂടുമ്പോള്‍ 5000 രൂപയോളം ചെലവാകുന്നുണ്ട്"- അന്നമ്മ പറഞ്ഞു.

ഇതുപോലെ ദുരിതം അനുഭവിക്കുന്ന 8328 പേർ സംസ്ഥാനത്തുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഫണ്ട് അനുവദിക്കേണ്ടത്. സർക്കാരിൽ നിന്ന് പണം ലഭിക്കാത്തതാണ് പെന്‍ഷന്‍ വിതരണം തടസ്സപ്പെടാൻ കാരണം. ഭക്ഷണത്തിനും മരുന്നുകൾക്കും ഉപകാരപ്പെട്ടിരുന്ന തുക നിലച്ചതോടെ കടുത്ത ദുരിതത്തിലാണിവർ.

വീഡിയോ സ്റ്റോറി കാണാം

Latest Videos
Follow Us:
Download App:
  • android
  • ios