പ്രിൻസിപ്പൽ നിയമനത്തിന് യുജിസി മാനദണ്ഡം അനുസരിച്ചുള്ള യോഗ്യത ഇല്ല എന്നതായിരുന്നു മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ വാദം...

ആലുവ യു സി കോളേജ് പ്രിൻസിപ്പലായി ഡോ താര കെ സൈമണിനെ നിയമിച്ചത് ചോദ്യം ചെയ്ത് മഹാത്മാഗാന്ധി സര്‍വ്വകലാശാല നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഡോ താര സൈമണിനെതിരെയുള്ള സര്‍വ്വകലാശാലയുടെ നടപടിയെ ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. താര സൈമണിനെ സര്‍വ്വകലാശാല ഉപദ്രവിക്കുകയാണെന്ന് കോടതി പറഞ്ഞു. 

പ്രിൻസിപ്പൽ നിയമനത്തിന് യുജിസി മാനദണ്ഡം അനുസരിച്ചുള്ള യോഗ്യത ഇല്ല എന്നതായിരുന്നു മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ വാദം. ദീര്‍ഘകാലം അധ്യാപികയായി ജോലി ചെയ്തത് ചൂണ്ടിക്കാട്ടി സര്‍വ്വകലാശാലയുടെ വാദം കോടതി തള്ളി. കേസിൽ സര്‍വ്വകലാശലക്കാണ് പിഴ ചുമത്തേണ്ടതെന്നും കോടതി പറഞ്ഞു. താര സൈമണല്ല ഇപ്പോൾ പ്രിൻസിപ്പലിന്‍റെ ചുമതല വഹിക്കുന്നതെന്ന് വാദിച്ച കോളേജ് മാനേജുമെ‍ന്‍റിനെയും കോടതി വിമര്‍ശിച്ചു.