Asianet News MalayalamAsianet News Malayalam

1 കോടിയുടെ സ്വര്‍ണവും 8 ലക്ഷം രൂപയും കവര്‍ച്ച നടന്നിട്ട് 60 ദിവസം; മുഖ്യപ്രതിയെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്

കവര്‍ച്ച ചെയ്യപ്പെട്ട ഒരു കോടി രൂപയുടെ സ്വര്‍ണം എവിടെയെന്ന കാര്യത്തില്‍ ഒരു സൂചനയും അറസ്റ്റിലായ പ്രതിയില്‍ നിന്ന് പൊലീസിന് കിട്ടിയിട്ടില്ല. അത് ഫൈസലിനു മാത്രമേ അറിയൂ എന്ന മൊഴിയാണ് അനീഷില്‍ നിന്ന് കിട്ടിയിരിക്കുന്നത്.

The police are yet to find the main suspect in the robbery in kottayam sts
Author
First Published Sep 28, 2023, 7:23 AM IST

കോട്ടയം: കോട്ടയം ചിങ്ങവനത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരു കോടി രൂപ കവര്‍ന്ന കേസിലെ മുഖ്യപ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. മുമ്പും സമാനമായ കവര്‍ച്ച കേസുകളില്‍ പ്രതിയായ ഫൈസല്‍ രാജ് കോട്ടയം പൊലീസിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതിനു പിന്നില്‍ പൊലീസുദ്യോഗസ്ഥരില്‍ ചിലരുടെ തന്നെ സഹായം കിട്ടിയിട്ടുണ്ടോ എന്ന സംശയവും ബലപ്പെടുകയാണ്. മുമ്പ് പത്തനാപുരത്ത് നിന്ന് ആറു കോടിയോളം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍‍ അറസ്റ്റിലായ ഫൈസലില്‍ നിന്ന് പകുതി സ്വര്‍ണം പോലും തിരിച്ചു പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നുമില്ല.

കോട്ടയം മന്ദിരം കവലയിലെ സുധ ഫിനാന്‍സില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണവും എട്ടു ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ടിട്ട് ഏതാണ്ട് അറുപത് ദിവസമാകുന്നു. പക്ഷേ ഇതുവരെ ഈ കേസിലെ പ്രധാന പ്രതിയെ പിടിക്കാന്‍ കോട്ടയം പൊലീസിന് കഴിഞ്ഞിട്ടില്ല. പുതുപ്പളളി തിരഞ്ഞെടുപ്പ് തിരക്കിനിടയിലും നടത്തിയ നിരന്തര അന്വേഷണത്തിനൊടുവില്‍ പത്തനംതിട്ട കൂടല്‍ സ്വദേശി ഫൈസല്‍ രാജാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നു. ഫൈസലിനൊപ്പം കൃത്യത്തില്‍ പങ്കെടുത്ത അനീഷ് ആന്‍റണിയെ പിടിക്കുകയും ചെയ്തു.

പക്ഷേ കവര്‍ച്ച ചെയ്യപ്പെട്ട ഒരു കോടി രൂപയുടെ സ്വര്‍ണം എവിടെയെന്ന കാര്യത്തില്‍ ഒരു സൂചനയും അറസ്റ്റിലായ പ്രതിയില്‍ നിന്ന് പൊലീസിന് കിട്ടിയിട്ടില്ല. അത് ഫൈസലിനു മാത്രമേ അറിയൂ എന്ന മൊഴിയാണ് അനീഷില്‍ നിന്ന് കിട്ടിയിരിക്കുന്നത്. ഇത്ര സുപ്രധാനമായ ഒരു കേസിലെ പ്രധാന പ്രതിയെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടും അറസ്റ്റിനു മുമ്പ് പ്രതി മുങ്ങാന്‍ ഇടയായതിനു പിന്നില്‍ സേനയില്‍ തന്നെയുളള ഒറ്റുകാരാണോ എന്ന സംശയമാണ് ബലപ്പെടുന്നത്.

ഫൈസലിന്‍റെ പങ്ക് സ്ഥിരീകരിച്ച ശേഷം കസ്റ്റഡിയിലെടുക്കാന്‍ കോട്ടയം പൊലീസ് പത്തനംതിട്ട കൂടല്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഫൈസലിനെ നേരിട്ട് പോയി അറസ്റ്റ് ചെയ്യുന്നതിനു പകരം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താനാണ് കൂടല്‍ പൊലീസ് ശ്രമിച്ചത്. ഇതോടെ അപകടം മണത്ത ഫൈസല്‍ മുങ്ങുകയായിരുന്നു. ഫൈസല്‍ രക്ഷപ്പെടുന്നതില്‍ കൂടലിലെ ലോക്കല്‍ പൊലീസിലെ ചിലരുടെയെങ്കിലും സഹായം കിട്ടിയിരുന്നിരിക്കാം എന്ന സംശയമുണ്ട് കോട്ടയം പൊലീസിന്. 2022 ല്‍ പത്തനാപുരം ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് അഞ്ചേ മുക്കാല്‍ കിലോ സ്വര്‍ണം കവര്‍ന്ന ഫൈസലിനെ മാസങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തെങ്കിലും ഒന്നര കിലോ സ്വര്‍ണം മാത്രമാണ് കണ്ടെത്താനായത്. ബാക്കി തൊണ്ടി മുതല്‍ കണ്ടെത്താനുളള തുടരന്വേഷണവും നിലച്ച മട്ടാണ്. ഇതും സംശയങ്ങള്‍ക്ക് ബലം പകരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios