തിരുവല്ലയിലെ രാഷ്ട്രീയ ഗോദയിൽ ഇത്തവണ മുദ്രാവാക്യങ്ങൾക്കൊപ്പം തന്നെ റോസ്റ്റിംഗ് മറുപടികളും മുഴങ്ങുകയാണ്. സോഷ്യൽ മീഡിയയിലെ വിവാദ നായകൻ 'ചെകുത്താൻ' എന്ന അജു അലക്സ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരരംഗത്തിറങ്ങിയതോടെ പത്തനംതിട്ടയുടെ രാഷ്ട്രീയ ചിത്രം കൂടുതൽ കൗതുകകരമായി മാറി.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പലപ്പോഴും വിചിത്രമായ സ്ഥാനാർത്ഥിത്വങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, തിരുവല്ല മണ്ഡലത്തിൽ ഇത്തവണ സംഭവിക്കുന്നത് സോഷ്യൽ മീഡിയ കാലത്തെ പുതിയൊരു രാഷ്ട്രീയ പരീക്ഷണമാണ്. പ്രമുഖ മുന്നണികളുടെ അതികായന്മാർ മാറ്റുരയ്ക്കുന്ന പോരാട്ടഭൂമിയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തിയിരിക്കുന്നത് യൂട്യൂബറും ഇൻഫ്ലുവൻസറുമായ 'ചെകുത്താൻ' എന്ന അജു അലക്സ് ആണ്. സോഷ്യൽ മീഡിയയിൽ തന്റെ സവിശേഷമായ 'റോസ്റ്റിംഗ്' ശൈലിയിലൂടെ ലക്ഷക്കണക്കിന് ആരാധകരെയും അതിലധികം വിമർശകരെയും സമ്പാദിച്ച വ്യക്തിയാണ് അജു അലക്സ്.
സിനിമ താരങ്ങൾ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ അദ്ദേഹത്തിന്റെ രൂക്ഷമായ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. പലപ്പോഴും നിയമപരമായ നടപടികളും പൊലീസ് കേസുകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, തന്റെ നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. 'യഥാർത്ഥ മാറ്റത്തിനായി സ്വതന്ത്ര ശബ്ദം' എന്നതാണ് അജു അലക്സിന്റെ പ്രധാന പ്രചാരണ വാചകം. രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, സാധാരണക്കാരന്റെ യഥാർത്ഥ ആവശ്യങ്ങൾ നിയമസഭയിൽ എത്തിക്കാൻ ഒരു സ്വതന്ത്ര ശബ്ദത്തിന് മാത്രമേ കഴിയൂ എന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്. പാരന്പര്യ രാഷ്ട്രീയ ശൈലികളോട് കലഹിക്കുന്ന ഒരു വിഭാഗം യുവാക്കളുടെ വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ യൂട്യൂബർ.
പ്രചാരണത്തിലെ 'ചെകുത്താൻ' ടച്ച്
അജു അലക്സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവും അദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോകൾ പോലെ തന്നെ വ്യത്യസ്തമാണ്. വളരെ ലളിതവും എന്നാൽ പഞ്ചിംഗുമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് അദ്ദേഹം വോട്ടർമാരെ സമീപിക്കുന്നത്. 'ദൈവങ്ങൾ കോടികൾ കാണും. ചെകുത്താൻ ഒന്നേയുള്ളൂ. ചെകുത്താന്റെ പേരിൽ യുദ്ധവും നടന്നിട്ടില്ല. അത് പോരെ അളിയാ...' എന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്. തന്റെ സ്ഥാനാർത്ഥിത്വത്തെ പരിഹസിക്കുന്നവർക്ക് മറുപടിയായി, 'നമ്മുടെ കൂട്ടത്തിൽ ആരുമില്ലേ ചെകുത്താനെതിരെ മത്സരിക്കാൻ?' എന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു.
തിരുവല്ലയിലെ തകർന്നു കിടക്കുന്ന റോഡുകൾ, സർക്കാർ ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും ശോച്യാവസ്ഥ, കർഷകർ നേരിടുന്ന പ്രതിസന്ധികൾ എന്നിവയാണ് തന്റെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയങ്ങളെന്ന് അജു അലക്സ് പറയുന്നു. 'തിരുവല്ലയുടെ സമഗ്രമായ പുരോഗതിയാണ് ലക്ഷ്യം. രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും അവയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിനുമാണ് ഞാൻ മുൻഗണന നൽകുന്നത്,' അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സോഷ്യൽ മീഡിയയിലെ സ്വാധീനം വോട്ടായി മാറുമോ എന്ന ചോദ്യത്തിന് മുൻപും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ, ഒരു 'റോസ്റ്റർ' എന്ന നിലയിൽ അജു അലക്സ് നടത്തുന്ന പരീക്ഷണം തികച്ചും വ്യത്യസ്തമാണ്. രാഷ്ട്രീയ പാർട്ടികളോടുള്ള യുവതലമുറയുടെ മടുപ്പും സോഷ്യൽ മീഡിയയിലെ അദ്ദേഹത്തിന്റെ ഫോളോവേഴ്സും വോട്ടായി മാറുമെന്നാണ് അജുവിന്റെ പ്രതീക്ഷ.
അജു അലക്സിന്റെ സ്ഥാനാർത്ഥിത്വത്തെ വെറും പബ്ലിസിറ്റി സ്റ്റണ്ട് ആയി കാണുന്നവരും കുറവല്ല. മുൻപ് മോശം പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ ജയിൽവാസമടക്കം അനുഭവിച്ച ഒരാൾ നിയമസഭയിലേക്ക് മത്സരിക്കുന്നത് ജനാധിപത്യത്തെ പരിഹസിക്കലാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ, ആർക്കും മത്സരിക്കാൻ അവകാശമുള്ള ജനാധിപത്യ രാജ്യത്ത് അജുവിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നവരും കുറവല്ല.


