തൃശ്ശൂർ പൂരത്തിന് ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ എത്തും. കേരളത്തിലെ ഏറ്റവും ഉയരമുള്ള ഈ ഗജവീരന് 'രാമരാജൻ' എന്ന വിളിപ്പേരും 'ഏകഛത്രാധിപതി' എന്ന പട്ടവുമുണ്ട്.

തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് ആനപ്രേമികളുടെ ഹരമായ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമെത്തും. ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ എത്തുന്നത്. കഴിഞ്ഞ വർഷവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ചെമ്പൂക്കാവ് ഭ​ഗവതിയുടെ തിടമ്പേറ്റിയത്.

കേരളത്തിലങ്ങോളമിങ്ങോളും ആരാധകരുള്ള ഗജപ്രമുഖനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആനയെന്ന് കണക്കാക്കുന്ന ഈ ആനയെ ആനപ്രേമികൾ രാമരാജൻ എന്നാണ് വിളിക്കുന്നത്. കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തന്നെ. നിരവധി ഫേസ്ബുക്ക് പേജുകളും വാട്സാപ് കൂട്ടായ്മകളുമൊക്കെ തെച്ചിക്കോട്ട് രാമചന്ദ്രന്‍റെ പേരിലുണ്ട്. കേരളത്തിൽ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. 1984 ലാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ ആനയെ നടക്കിരുത്തുന്നത്.

കേരളത്തിലങ്ങോളം ഇങ്ങോളമുള്ള ആനപ്രേമികളുടെ ആവേശമാണെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ജന്മം കൊണ്ട് ഇവിടത്തുകാരനല്ല. ബിഹാറിലെ ആനച്ചന്തയിൽ നിന്ന് വാങ്ങി കേരളത്തിലേക്ക് എത്തിക്കുമ്പോൾ പേര് മോട്ടിപ്രസാദ് എന്നായിരുന്നു. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ എൻ രാമചന്ദ്ര അയ്യരായിരുന്നു ആദ്യത്തെ ഉടമ. അദ്ദേഹത്തിൽ നിന്നും തൃശ്ശൂർക്കാരൻ വെങ്കിടാദ്രി സ്വാമി ആനയെ വാങ്ങി ഗണേശൻ എന്ന് പേരിട്ടു. 1984ൽ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോൾ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.

YouTube video player