കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് മന്ത്രി എംഎം മണി. കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി.
ഇടുക്കി: കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. അടിമാലി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതി നടപ്പിലാക്കണമെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതി ഒരു വിഭാഗം മാത്രം അനുഭവിച്ചാല്‍ പോര, എല്ലാ വിഭാഗത്തിനും എല്ലാ വീടുകളിലും ലഭിക്കണം എന്നാണ് കെ ഫോണിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 25 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതി സൗജന്യമായി ലഭ്യമാക്കും. ബാക്കിയുള്ളവര്‍ക്ക് മിനിമം നിരക്കില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പിന് വലിയ നഷ്ടം സംഭവിച്ചിരുന്നുവെന്നും ഈ കാലഘട്ടത്തില്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാവരും ഏകോപിപ്പിച്ച് തുടര്‍പ്രവര്‍ത്തനങ്ങളോട് സഹകരിച്ചു. അതുപോലെ കൊവിഡ് കാലത്ത് വൈദ്യുതി വകുപ്പിന് കോടി കണക്കിന് രൂപയുടെ നഷ്ടം വന്നിട്ടുണ്ട്.
തിയേറ്ററുകള്‍ക്ക് മാത്രം അഞ്ച് കോടി രൂപയുടെ ഇളവ് ചെയ്ത് നല്‍കിയിട്ടുണ്ട്. ആവശ്യമുള്ളതിന്റെ ഒരു മുപ്പതോ മുപ്പത്തഞ്ചോ ശതമാനം വൈദ്യുതി മാത്രമെ നമ്മള്‍ നിര്‍മ്മിക്കുന്നുള്ളു. ബാക്കി 65 ശതമാനം വിവിധ കരാര്‍ വഴി വിലക്ക് വാങ്ങിയാണ് നല്‍കുന്നത്. 8500 കോടി രൂപയെങ്കിലും വര്‍ഷം ഇത്തരത്തില്‍ വാങ്ങുന്നതിന് നല്‍കണം.
വികസനത്തിന്റെ കാര്യത്തിൽ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ഈ സര്‍ക്കാര്‍ വന്ന് കഴിഞ്ഞ് സബ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ഒരുപാട് സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൂടാതെ പുതിയ പ്രൊജക്ടുകളും നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ വേണ്ടെന്ന് വച്ച പള്ളിവാസല്‍ എക്‌സറ്റന്‍ഷന്‍ പദ്ധതിയുടെ ഉള്‍പ്പെടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണ്.
വൈദ്യുതി വിതരണ രംഗം കാര്യക്ഷമമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. അമ്പത് വര്‍ഷത്തേക്ക് വൈദ്യുതി വിതരണ രംഗത്ത് പ്രശ്‌നം വരാതെ നോക്കുകയെന്നുള്ള ലക്ഷ്യമാണ് വൈദ്യുതി വകുപ്പിനും സര്‍ക്കാരിനുമുള്ളത്. പത്തനംതിട്ട, കോട്ടയം ജില്ലകള്‍ വഴി കടന്ന് പോകുന്ന കൂടംകുളം വൈദ്യുതി ലൈന്‍ പൂര്‍ത്തീകരിച്ചത് വലിയ ഗുണം ചെയ്തു.
എല്‍ഇഡി ബള്‍ബുകളും റ്റ്യൂബുകളും പരമാവധി സ്ഥാപിച്ച് ഊര്‍ജ്ജം ലാഭിക്കുകയെന്ന ലക്ഷ്യം വൈദ്യുതി വകുപ്പിനുണ്ട്. പരമാവധി വാഹനങ്ങള്‍ ഇലക്ട്രിക്കല്‍ വാഹനമാക്കണ ലക്ഷ്യം സര്‍ക്കാരിനും വൈദ്യുതി വകുപ്പിനുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടിമാലി 110 കെവി സബ്‌സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിദൂര ആദിവാസി മേഖലയായ ഇടമലക്കുടിയിലേക്കടക്കം വൈദ്യുതി എത്തിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്ന് എം എല്‍ എ പറഞ്ഞു.
അടിമാലി പഞ്ചായത്ത് പൂര്‍ണ്ണമായും വെള്ളത്തൂവല്‍, പള്ളിവാസല്‍ പഞ്ചായത്തുകളുടെ ചില ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന 150 സ്‌ക്വയര്‍ കിലോമീറ്ററോളം വരുന്ന പ്രദേശമാണ് അടിമാലി സെക്ഷന് കീഴില്‍ വരുന്നത്.
പരിമിതമായ സൗകര്യത്തില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ഓഫീസിനാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. 225.4 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സെക്ഷന്‍ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനാണ് ലക്ഷ്യം വച്ചിട്ടുള്ളത്.
