പട്ടികയിൽ ആക്ഷേപവും പരാതികളുമുണ്ടെങ്കിൽ 10 ദിവസത്തിനുള്ളിൽ അറിയിക്കാം.
കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടിയുള്ള മൂന്നാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2 ബി ലിസ്റ്റാണ് പുറത്തുവന്നത്. 70 കുടുംബങ്ങളാണ് ഗുണഭോക്താക്കളുടെ മൂന്നാമത്തെ പട്ടികയിലുൾപ്പെട്ടിട്ടുള്ളത്. വാർഡ് 11 ൽ നിന്നും 37 കുടുംബങ്ങളും. വാർഡ് 10ൽ നിന്നും 18 കുടുംബങ്ങളും, വാർഡ് 12 ൽ നിന്നും 15 കുടുംബങ്ങളുമാണ് പട്ടികയിലുൾപ്പെട്ടത്. സുരക്ഷിതമല്ലാത്ത മേഖലക്ക് പുറത്ത് 50 മീറ്റർ പരിധിയിലുള്ള ഒറ്റപ്പെട്ട കുടുംബങ്ങളാണ് ഇത്. പുനരധിവാസത്തിനുള്ള അവസാന കരട് പട്ടികയാണ് ഇന്ന് പുറത്ത് വിട്ടത്. പട്ടികയിൽ ആക്ഷേപവും പരാതികളുമുണ്ടെങ്കിൽ 10 ദിവസത്തിനുള്ളിൽ അറിയിക്കാം.
ആദ്യ രണ്ട് പട്ടികകൾക്കെതിരെ വിമർശനവും പ്രതിഷേധവും ഉയരുന്നതിനിടെയാണ് മൂന്നാം ഘട്ട പട്ടിക പുറത്തിറക്കുന്നത്. 81 കുടുംബങ്ങളാണ് രണ്ടാംഘട്ട പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതര്‍ ദുരന്തമേഖലയിൽ കുടിൽ കെട്ടി സമരമടക്കം നടത്തിയിരുന്നു. പുനരധിവാസം വൈകുന്നതിനൊപ്പം 5 സെൻ്റ് ഭൂമി മാത്രം നൽകുന്നതിലും കേന്ദ്ര സർക്കാർ പാക്കേജ് പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതർക്ക് പ്രതിഷേധമുണ്ട്.

