Asianet News MalayalamAsianet News Malayalam

ആകെ കടത്തിയത് 166 കിലോ സ്വർണം, അയച്ചവരെ കണ്ടെത്തി, എല്ലാം വിലയ്ക്കെടുത്തവർ?

ആദ്യനാല് കൺസൈൻമെന്‍റുകൾ അയച്ചത് പശ്ചിമബംഗാൾ സ്വദേശി മുഹമ്മദ്. അവസാനത്തെ രണ്ട് കൺസൈൻമെന്‍റ് വന്നത് ഫൈസൽ ഫരീദിന്‍റെ പേരിൽ. ഇതിനിടയിലുള്ള കൺസൈൻമെന്‍റുകൾ അയച്ചത് യുഎഇ പൗരൻമാർ.

thiruvananthapuram airport gold smuggling nia identified who sent baggages
Author
Thiruvananthapuram, First Published Aug 27, 2020, 11:39 AM IST

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ നിർണായക കണ്ടെത്തലുമായി എൻഐഎ. സ്വർണമടങ്ങിയ നയതന്ത്രബാഗുകൾ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് അയച്ചവരെ എൻഐഎ തിരിച്ചറിഞ്ഞു. ദുബായ് വിമാനത്താവളത്തിൽ നിന്നാണ് എല്ലാ കൺസൈൻമെന്‍റുകളും അയച്ചിട്ടുള്ളത്. 21 തവണയാണ് ദുബായിൽ നിന്ന് സ്വർണമടങ്ങിയ കൺസൈൻമെന്‍റുകൾ അയച്ചത്. 21 തവണയായി 166 കിലോ സ്വർണമാണ് കടത്തിയതെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു. 

കൺസൈൻമെന്‍റുകൾ അയച്ചവരുടെ വിവരങ്ങൾ ഇങ്ങനെയാണ്. ആദ്യ നാല് കൺസൈൻമെന്റുകകൾ അയച്ചത് പശ്ചിമബംഗാൾ സ്വദേശി മുഹമ്മദിന്‍റെ പേരിലാണ്. അഞ്ച് മുതൽ 18 വരെയുള്ള കൺസൈൻമെന്‍റുകൾ വന്നിരിക്കുന്നത് യുഎഇ പൗരനായ ദാവൂദിന്‍റെ പേരിൽ. പത്തൊമ്പതാമത്തെ കൺസൈൻമെന്‍റ് വന്നിരിക്കുന്നത് ദുബായ് സ്വദേശി ഹാഷിമിന്‍റെ പേരിലാണ്. ഇരുപത്, ഇരുപത്തിയൊന്ന് കൺസൈൻമെന്‍റുകളാണ് ഫൈസൽ ഫരീദിന്‍റെ പേരിൽ വന്നത്. ഇരുപത്തിയൊന്നാമത്തെ കൺസൈൻമെന്‍റാണ് കസ്റ്റംസ് പിടികൂടിയതും. 

ഇപ്പോൾ അറസ്റ്റിലായ കെ ടി റമീസിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് എൻഐഎയ്ക്ക് ഈ വിവരങ്ങളെല്ലാം കിട്ടിയത്. റമീസിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളും എൻഐഎ സംഘം ദുബായ് വിമാനത്താവളത്തിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ചേർത്താണ് സ്വർണമയച്ചവരുടെ വിവരങ്ങളെല്ലാം ചേർത്ത് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ മലയാളിയായ, തൃശ്ശൂർ സ്വദേശി ഫൈസൽ ഫരീദിനെ നിലവിൽ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫൈസൽ ഫരീദ്, റബിൻസ്, കുഞ്ഞാലി എന്നിവരാണ് സ്വർണക്കടത്തിന് പിന്നിൽ സജീവമായി ആസൂത്രണം നടത്തിയത് എന്നാണ് എൻഐഎ കണ്ടെത്തിയത്. ഫൈസൽ ഫരീദ് എൻഐഎയ്ക്ക് നൽകിയ മൊഴി, തനിക്ക് അവസാനം അയച്ച കൺസൈൻമെന്‍റിനെക്കുറിച്ച് മാത്രമേ അറിയൂ, അതിന് മുമ്പയച്ചവയെല്ലാം ആസൂത്രണം ചെയ്തത് റബിൻസും കുഞ്ഞാലിയുമാണെന്നാണ്. 

അതായത് ആകെ അയച്ച 21 കൺസൈൻമെന്‍റുകളിൽ 19 കൺസൈൻമെന്‍റുകളും മറ്റുള്ളവരുടെ പേരിലാണ് അയച്ചിരിക്കുന്നതെന്ന് വ്യക്തം. പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ പല ആളുകളുടെ പേരിലായി കൺസൈൻമെന്‍റുകളയച്ചത്. ഫൈസൽ ഫരീദും സംഘവും വിലയ്ക്ക് എടുത്ത ആളുകളാണ് മറ്റുള്ളവർ എന്നാണ് എൻഐഎ വൃത്തങ്ങളുടെ പ്രാഥമിക നിഗമനം. 

ഇവരെ ഉടനടി എൻഐഎയ്ക്ക് അറസ്റ്റ് ചെയ്യാനോ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനോ കഴിയില്ലെന്ന് വ്യക്തമാണ്. രണ്ട് പേർ യുഎഇ പൗരൻമാരാണ്. യുഎഇ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതാണ് എൻഐഎയുടെ പ്രതീക്ഷ. നയതന്ത്രബാഗേജ് വഴി സ്വർണം കടത്തപ്പെട്ടത് അവർക്ക് തന്നെ നാണക്കേടായ സാഹചര്യത്തിൽ അവരിതിൽ കർശനമായി നടപടി സ്വീകരിക്കും എന്ന് തന്നെയാണ് എൻഐഎയുടെ വിലയിരുത്തൽ. ദുബായ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുമ്പോൾ, ഇതുമായി ബന്ധപ്പെട്ട് ഇവരെ ദുബായിൽ പോയി ചോദ്യം ചെയ്യാനോ, ഇതിൽ ഉൾപ്പെട്ട ഫൈസൽ ഫരീദ്, റബിൻസ്, കുഞ്ഞാലി എന്നിവരടക്കമുള്ളവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനോ തുടർനടപടികൾ എടുക്കാനോ കഴിയുമെന്നാണ് എൻഐഎ കരുതുന്നത്.

Follow Us:
Download App:
  • android
  • ios