തിരുവനന്തപുരം: കൊവിഡ് രോഗികളുടെ കോൾ ഡീറ്റൈൽ റെക്കോര്‍ഡ് ശേഖരിക്കാനുള്ള തീരുമാനം വിവാദമായതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബലറാം കുമാർ ഉപാധ്യായ. കൊവിഡ് രോഗികളുടെ കോണ്ടാക്റ്റ് ട്രേസിങ് എളുപ്പമാക്കാനാണ് കോൾ ഡീറ്റൈൽ എടുക്കുന്നതെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരോട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് സിഡിആറിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോൾ ഡീറ്റൈൽ റെക്കോര്‍ഡ് ശേഖരിക്കാനുള്ള  തീരുമാനത്തിൽ മറ്റ് ഉദ്ദേശങ്ങൾ ഒന്നുമില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ വിശദീകരിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കണമെന്ന പൊലീസ് മേധാവിയുടെ നിര്‍ദേശം വലിയ വിവാദമായിരുന്നു. നിയമവിരുദ്ധമായ നീക്കമാണിതെന്നും, വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ആക്ഷേപമുയരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് ഡിജിപി ലോക്നാഥ് ബഹറ ടെലിഫോണ്‍ രേഖകള്‍ അഥവാ സിഡിആര്‍ കര്‍ശനമായി ശേഖരിക്കണമെന്ന ഉത്തരവിറക്കിയത്. ബിഎസ്എന്‍എലില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്‍റലിജന്‍സ് എഡിജിപിയെ ചുമതലപ്പെടുത്തി.ചില മേഖലകളില്‍ വോഡഫോണില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഡിജിപിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. 

നിലവില്‍ കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ ബുദ്ധുമുട്ടുള്ള സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണ് സിഡിആര്‍ ശേഖരിക്കുന്നത്. എന്നാല്‍ കൊവിഡ് പ്രതിരോധത്തിന്‍റെ ചുമതല പൊലീസിന് നല്‍കിയതോടെയാണ് ടെലിഫോണ്‍ രേഖകള്‍ വ്യാപകമായി ശേഖരിക്കാന്‍ നീക്കം തുടങ്ങിയത്. ഒരാള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാവുകയാണെങ്കില്‍ മാത്രമാണ് സാധാരണ സിഡിആര്‍ എടുക്കാരുള്ളത്. രോഗിയായിതന്‍റെ പേരില്‍ ഒരാളുടെ ടെലിഫോണ്‍ രേഖകള്‍ പൊലീസ് ശേഖരിക്കുന്നത് മൗലികാവകാശലംഘനമാണെന്ന ആക്ഷേപവും ശക്തമാവുകയാണ്.