വിജയമുറപ്പെന്ന പ്രതീക്ഷയിലാണ് തിരുവനന്തപുരത്തെ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികൾ. 

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചതോടെ വലിയ പ്രതീക്ഷയിലാണ് സ്ഥാനാ‍ര്‍ത്ഥികൾ. കടുത്ത ചൂടിനെയും അവഗണിച്ചാണ് പ്രചരണം. ഒരു കേന്ദ്രമന്ത്രിയും ഒരു എംപിയും ഒരു മുൻ എംപിയും തമ്മിലുളള പോരാട്ടമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. തലസ്ഥാനത്ത് വിജയമുറപ്പെന്നാണ് മൂന്ന് മുന്നണികളുടേയും പ്രതികരണം. 

തിരുവനന്തപുരത്തെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എൻഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. രണ്ട് മാസമായി മണ്ഡലത്തിൽ പ്രചാരണരംഗത്തുണ്ട്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുളള പുരോഗതിയും വികസനവും ജനങ്ങൾ കാണുന്നുണ്ട്. അത് കേരളത്തിലും വേണമെന്ന് അവ‍ർ ആഗ്രഹിക്കുന്നു. പുരോഗതിയുടെയും വികസനത്തിന്റെ രാഷ്ട്രീയം ഇവിടെ തിരുവനന്തപുരത്തും കൊണ്ടുവരണം. അതിന് കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന് സംഭവിച്ചത് പോലെ ഇനിയാര്‍ക്കും സംഭവിക്കരുതെന്നും ഏപ്രിൽ 26 ന് ജനം എന്ത് പറയുമെന്ന് അറിയാമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. 

തിരുവനന്തപുരത്ത് ജയം ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യൻ രവീന്ദ്രനും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടതുപക്ഷം ഏറെ മുന്നിലാണ്. തിരുവനന്തപുരത്ത് നടക്കുന്നത് കടുത്ത പോരാട്ടമാണ്. പക്ഷെ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. ഇവിടെ ബിജെപി അപ്രസക്തമാണ്. ബിജെപി ജയിക്കാതിരിക്കാൻ തങ്ങൾക്ക് വോട്ട് നൽകണമെന്ന യുഡിഎഫ് തന്ത്രം ഇത്തവണ വിലപ്പോവില്ലെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേര്‍ത്തു. 

YouTube video player

തിരുവനന്തപുരത്തെ ജനങ്ങൾക്ക് എന്നെയറിയാമെന്നും കൂടുതൽ ദിവസങ്ങൾ പ്രചരണത്തിന് ആവശ്യമില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും പ്രതികരിച്ചു. എന്നെ എല്ലാവർക്കും അറിയാം. എതിരാളികളായ സ്ഥാനാർത്ഥികൾക്ക് കുറച്ച് അധികം സമയം ലഭിക്കുന്നത് ഗുണം ചെയ്യുമെന്ന് ശശി തരൂർ തലസ്ഥാനത്ത് പ്രതികരിച്ചു.

YouTube video player