പരാതി അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കാൻ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് ആരോഗ്യമന്ത്രി നിർദ്ദേശം നല്‍കിയത്.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന പരാതിയില്‍ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരാതി അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കാൻ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് ആരോഗ്യമന്ത്രി നിർദ്ദേശം നല്‍കിയത്. ഇന്നലെയാണ് കൊല്ലം പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണു മരിച്ചത്. ഹൃദ്രോഗ ബാധിതനായി എത്തിച്ച വേണുവിന് ആറുദിവസം കഴിഞ്ഞിട്ടും ആൻജിയോഗ്രാം പോലും ചെയ്തില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. താൻ മരിച്ചാൽ അതിന് കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശവും പുറത്തുവന്നു.
ചികിത്സ പിഴവോ കാലതാമസമോ ഉണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട്
തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ജയചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഒന്നാം തീയതിയാണ് രോഗി ചികിത്സ തേടിയെത്തിയത്. നേരത്തെ സ്ട്രോക്ക് വന്ന ഹിസ്റ്ററിയുള്ള രോഗിയാണ്. രോഗിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആൻജിയോപ്ലാസ്റ്റ് ചെയ്യുന്നതിന് മുന്നേയുള്ള ആൻജിയോഗ്രാം ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു. ക്രിയാറ്റിനിലും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രണ്ടാം വാർഡിൽ കാർഡിയോളജി വിഭാഗതിൽ തന്നെയാണ് രോഗിയെ അഡ്മിറ്റ് ചെയ്തത്. ഇന്നലെ ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടായി. പരമാവധി ചികിത്സ നൽകിയിരുന്നെന്നും ചികിത്സ പിഴവോ കാലതാമസമോ ഉണ്ടായിട്ടില്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് പയുന്നു.
