തിരുവനന്തപുരം: ദിവസേനെ 200 ൽ അധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ പരിശോധനകളുടെ എണ്ണം അപര്യാപ്തം. ജില്ലയിലെ പ്രതിദിന പരിശോധന രണ്ടായിരത്തിഅഞ്ഞൂറിലേക്ക് എങ്കിലും ഉയർത്തേണ്ട സമയമായെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

സമൂഹവ്യാപനം സ്ഥിരീകരിച്ച പുല്ലുവിള, പൂന്തുറ അടക്കമുള്ള തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ പ്രതിദിനം നടക്കുന്നത് ശരാശരി 600 പരിശോധനകളാണ്. രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന നഗരപ്രദേശങ്ങളിലായി ദിവസവും 400 പരിശോധനകളും ജില്ലയുടെ മറ്റ് ഭാഗങ്ങളിലായി 300 ന് അടുത്ത് പരിശോധനകളുമാണ് നടക്കുന്നത്. അങ്ങനെ ജില്ലയിലാകെ പ്രദിനം ശരാശി നടക്കുന്നത് 1300 ന് അടുത്ത് പരിശോധനകൾ. പക്ഷെ ഇത് വളരെ തുച്ഛമാണെന്നാണ് ആരോഗ്യവിദഗ്‌ പറയുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള തിരുവനന്തപുരത്ത് പ്രതിദിനം 2500ന് അടുത്ത് പരിശോധനകൾ നടത്തണമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ആരോഗ്യപ്രവർത്തകർക്ക് രോഗം പിടിപ്പെടുന്നതും, കൂടുതൽ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ പോകുന്നതുമെല്ലാം കടുത്ത വെല്ലുവിളിയുണർത്തുന്നു.

തീരദേശ മേഖലയിൽ പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പോഷകാഹാരകുറവുള്ള കുഞ്ഞുങ്ങൾ എന്നീ വിഭാഗങ്ങൾക്ക് പ്രധാന്യം നൽകിയാണ് കൂടുതൽ പരിശോധനകളും നടക്കുന്നത്. ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണായതിനാൽ ആളുകളുടെ സഞ്ചാരം കുറവായിരിക്കുമെന്നത് കണക്കിലെടുത്ത് ഇവിടെ ചെറുപ്പക്കാരിൽ വ്യാപക പരിശോധന നടത്തുന്നില്ല. ഇതും ലാർജ്ജ് കമ്മ്യൂണി ക്ലസ്റ്ററുകൾ ഇതിനകം തന്നെ കൂടുതലായുള്ള തീരദേശ മേഖലയെ കൂടുതൽ അപകടത്തിലാക്കുമെന്നും ആശങ്കയുണ്ട്. തീരദേശമേഖലയ്ക്കൊപ്പം ഉൾപ്രദേശങ്ങളിലും നഗരത്തിലുമെല്ലാം അതീവ ശ്രദ്ധ നൽകേണ്ട സാഹചര്യമാണ് ജില്ലയിലിപ്പോൾ. അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്തെ പരിശോധനകളുടെ എണ്ണം 2000ലേക്ക് എത്തിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം.